രേണുക വേണു|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (09:56 IST)
Bomb Threat in Delhi Schools
രാജ്യതലസ്ഥാനത്ത് നാല്‍പ്പതില്‍ അധികം സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂള്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്‌ഫോടനമുണ്ടായാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. ഭീഷണി സന്ദേശത്തില്‍ പണം ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളിലേക്ക് എത്തിയ വിദ്യാര്‍ഥികളെ വീടുകളിലേക്ക് പറഞ്ഞുവിട്ടു. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസ്.
ആര്‍കെ പുരത്തുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഇതിനു പിന്നാലെയാണ് നാല്‍പ്പതിലധികം സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. എന്‍ഡിടിവി റിപ്പോര്‍ട്ട് പ്രകാരം 44 സ്‌കൂളുകളിലാണ് ബോംബ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. തങ്ങള്‍ക്കു ലഭിച്ച രേഖകള്‍ പ്രകാരം ഞായറാഴ്ച രാത്രി 11.38 നാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയില്‍ ആയി ലഭിച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബുകള്‍ വളരെ ചെറുതാണെന്നും സ്‌കൂള്‍ പരിസരങ്ങളില്‍ വിദഗ്ധമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.
ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ 30,000 യുഎസ് ഡോളറാണ് ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റെക്ഷന്‍ ടീംസ്, ഫയര്‍ ഫോഴ്‌സ് എന്നിവരെ സംയോജിപ്പിച്ച് സ്‌കൂളുകളില്‍ പൊലീസ് പരിശോധന തുടരുകയാണ്. ഇതുവരെ സംശയം തോന്നിപ്പിക്കുന്നതൊന്നും തെരച്ചിലില്‍ കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.