ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ശനി, 1 നവംബര്‍ 2014 (13:20 IST)
സുപ്രീം കോടതി അന്ത്യ ശാസനം നല്‍കിയതോടെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച കള്ളപ്പണക്കാരുടെ പട്ടികയില്‍ മുന്‍ യുപിഎ മന്ത്രി സഭയിലെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന പ്രനീതി കൗറും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ ഉപനേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ് കൗര്‍. പ്രനീതി കൗര്‍ പട്ടികയില്‍ ഉണ്ടെന്ന വാര്‍ത്തകളോട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം കൗറിന് ഇപ്പോള്‍ ഇത്തരം അക്കൗണ്ട് ഇല്ലെങ്കിലും എച്ച്എസ്‌ബിസിയുടെ സ്വിറ്റ്‌സര്‍ലാന്റിലെ മാതൃബാങ്ക് നല്‍കിയ വിവരമനുസരിച്ച് പത്തു വര്‍ഷം മുമ്പ് വരെ അവര്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അക്കൗണ്ടില്‍ പണമില്ല. 2006-നു മുമ്പുള്ള അക്കൗണ്ടിലെ ലഭ്യയമായ രേഖകളില്‍ കാണിച്ച ഇടപാടുകളുടെ വിശദാംശങ്ങളെല്ലാം അപൂര്‍ണമാണ്.
എന്നാല്‍ കൌറിന്റെ ഭര്‍ത്താവ് അമരീന്ദര്‍ പറഞ്ഞിരുന്നത് തനിക്ക് വിദേശ ബാങ്കുകളില്‍ അക്കൌണ്ടില്ല എന്നായിരുന്നു. 2001-ല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു എന്നത് ശരിയാണ്. അതിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലെ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുമുണ്ട്. ആദായ നികുതി വകുപ്പിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയ പോലെ എനിക്ക് സ്വിസ് ബാങ്കിലോ മറ്റേതെങ്കിലും വിദേശ ബാങ്കിലോ ഒരു അക്കൗണ്ടും ഇല്ലെന്നായിരുന്നു അന്ന് കള്ളപ്പണ ആരോപണമുയര്‍ന്ന സമയത്ത് അമരീന്ദര്‍ പറഞ്ഞിരുന്നത്.
അതേമസമയം എച്ച്എസ്‌ബിസിയില്‍ കള്ളപ്പണ അക്കൗണ്ടുള്ള എല്ലാവര്‍ക്കുമെതിരേ നിയമനടപടികള്‍ സാധ്യമായേക്കില്ലെന്നാണ് സൂചന. 627 പേരില്‍ 350 പേര്‍ മാത്രമാണ് ഇന്ത്യയില്‍ വസിക്കുന്നവരായിട്ടുള്ളത്. ഇവര്‍ക്കെതിരേ മാത്രമെ ആദായ നികുതി വകുപ്പിന് നടപടി സ്വീകരിക്കാന്‍ കഴിയൂ. ബാക്കിയുള്ളവരെല്ലാം വിദേശ ഇന്ത്യക്കാരാണ്. ഇവര്‍ ഇന്ത്യന്‍ നികുതി നിയമങ്ങളുടെ പരിധിക്കു പുറത്തുമാണ്. നികുതി വെട്ടിച്ച് കള്ളപ്പണം വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചതായി ഇതുവരെ നൂറോളം പേര്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട ഇരട്ട നികുതി ഒഴിവാക്കല്‍ നിയമത്തിന്റെ മറപിടിച്ച് ഇന്ത്യക്കാരായ 350 പേരുടെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ നല്‍കാന്‍ സ്വിസ് അധികൃതര്‍ തയാറാകുന്നില്ല. 2011-ല്‍ മാത്രമാണ് ഈ കരാര്‍ നിലവില്‍ വന്നത്. 350 പേരുടെയും ഇടപാടുകള്‍ നടന്നത് 1999-നും 2006-നും ഇടയില്‍ നടന്നതിനാല്‍ 2011നു മുമ്പ് നടന്ന ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് സ്വിസ് ബാങ്കധികൃതര്‍ പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.