ചെന്നൈ|
അഭിറാം മനോഹർ|
Last Modified വെള്ളി, 6 നവംബര്‍ 2020 (12:16 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ അനുമതിയില്ലാതെ ബിജെപിയുടെ വെട്രിവേൽ യാത്ര തുടങ്ങി. യാത്ര തുടങ്ങി അൽപ്പസമയത്തിനകം പൂനമല്ലിക്ക് സമീപം പൊലീസ് തടഞ്ഞുവെങ്കിലും, പ്രവർത്തകരുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്ര ഇപ്പോഴും തുടരുകയാണ്. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചത്.
ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ട് മുരുകന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം രഥയാത്രാ മാതൃകയിൽ സ്വീകരണപരിപാടികൾ നടത്തുന്ന പരിപാടിയാണ് വേൽയാത്ര. തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ നയിക്കുന്ന പര്യടനത്തിൽ യോഗി ആദിത്യനാഥ് ഉൾപ്പടെ ബിജെപി ദേശീയ നേതാക്കളും കേന്ദ്ര നേതാക്കളും പങ്കെടുക്കും. എന്നാൽ ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടാണെന്നാണ് വിസികെയും ഡിഎംകെയും ആരോപിക്കുന്നത്.