ബിബിസി ഡോക്യുമെൻ്ററി അപകീർത്തികരം, കൊളോണിയൽ മാനസികാവസ്ഥയുടെ പ്രതിഫലനം: പൊട്ടിത്തെറിച്ച് ഇന്ത്യ

അഭിറാം മനോഹർ| Last Modified വെള്ളി, 20 ജനുവരി 2023 (18:05 IST)
ഗുജറാത്ത് കലാപത്തിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ആരോപണം ഉയർത്തിയ ബിബിസിയുടെ പുതിയ ഡോക്യുമെൻ്ററിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അപകീർത്തിയകരമായ ആഖ്യാനങ്ങൾക്കായി തയ്യാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരവും വസ്തുനിഷ്ടാപരമല്ലാത്തതും കൊളോണിയൽ മാനസികാവസ്ഥയ്യിൽ തയ്യാറാക്കിയതുമാണ് ഡോക്യുമെൻ്ററിയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ എന്ന രണ്ട് ഭാഗങ്ങളായുള്ള ഡോക്യുമെൻ്ററി സീരീസിലാണ് ആയിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായ 2002ലെ ഗുജറാത്ത് കലാപത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വിശദീകരിക്കുന്നത്.2002ൽ നടന്ന ഗുജറാത്ത് കലാപത്തെ പറ്റി ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ഇക്കാലമത്രയും പുറത്തുവിട്ടിരുന്നില്ല. ഈ വിവരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നതെന്ന് ബിബിസി അറിയിച്ചു. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയ്യാറാക്കിയായിരുന്നു കലാപം നടന്നതെന്ന് ഡോക്യുമെൻ്ററിയിൽ പറയുന്നു.

ചാനലുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഭീകരമായ അക്രമമാണ് ഗുജറാത്തിൽ നടന്നത്.മുസ്ലീം സ്ത്രീകളെ തിരഞ്ഞ് പിടിച്ചാണ് ബലാത്സംഗം നടത്തിയത്. ഹിന്ദു മേഖലകളിൽ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്കുണ്ട്. പോലീസിനെ പിൻവലിക്കുന്നതിലും തീവ്ര ഹിന്ദുത്വക്കാരെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി സജീവമായ പങ്ക് വഹിച്ചുവെന്നും ബിബിസി ഡോക്യുമെൻ്ററിയിൽ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :