ബാംഗ്ലൂര്‍ പീഡനം: രക്ഷിതാക്കള്‍ തെരുവിലറങ്ങി

ബാംഗ്ലൂര്‍ പീഡനം,രക്ഷിതാക്കള്‍,സമരം
ബാംഗ്ലൂര്‍| VISHNU.NL| Last Modified ശനി, 19 ജൂലൈ 2014 (15:06 IST)
ബാംഗ്ലൂരില്‍ ആറുവയസുകാരി സ്കൂളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു. സ്കൂള്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ആയിരത്തോളം വരുന്ന രക്ഷിതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായി തെരുവിലറങ്ങി. സംഭവം നടന്ന സ്കൂള്‍ മുതല്‍ എച്ച്‌എ‌എല്‍ പൊലീസ്റ്റേഷന്‍ ഗ്രൌണ്ട് വരെ നിശബ്ദ്മായി പ്രകടനം നടത്തിയ ഇവര്‍ പൊലീസ് കമ്മീഷണറുമായി കുടിക്കാഴ്ച നടത്തി.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുറ്റമറ്റ അന്വേഷണമാണ് നടത്തുന്നതെന്നും ഉറപ്പുകൊടുത്തതിനു ശേഷമാണ് രക്ഷിതാക്കള്‍ സമരം അവസാനിപ്പിച്ചത്. തങ്ങളെ കാണാന്‍ കമ്മീഷണര്‍ അനുവദിച്ചില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നിലുള്ള വഴി ഉപരോധിക്കാനും സമരക്കാര്‍ പദ്ധതിയിട്ടിരുന്നു.

സ്കൂളുകളുടെ അനാസ്ഥക്കെതിരായ പരാതിയും രക്ഷിതാക്കള്‍ കമ്മീഷ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സ്കൂള്‍ ജീവനക്കാരന്‍ ബാംഗ്ലൂരില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്തത്. ഇന്റര്‍വെല്‍ സമയത്ത് സ്കൂളിലെ മറ്റൊരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ഇയാള്‍ കുട്ടിയേ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ ആളാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കുട്ടി അവശ നിലയില്‍ വീട്ടീലെത്തിയപ്പോള്‍ വിവരമന്വേഷിച്ച അമ്മയോടാണ് കുട്ടി ഇക്കാര്യം പറയുന്നത്.

അമ്മയുടെ പരാതി പ്രകാരം പൊലീസ് നാലുപേര്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനെതിരായ നിയമ (പൊക്സൊ)പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ തൃപ്തരാകാതെയാണ് രക്ഷിതാക്കള്‍ സമരവുമായി തെരുവിലിറങ്ങിയത്. ബാംഗ്ലൂരിലെ പ്രമുഖ സ്കൂളുകളിലെ ജീവനക്കാര്‍ക്ക് കുട്ടികളില്‍ യാതൊരുത്തരവാദിത്തമില്ലെന്നും വിനോദ യാത്രക്കും മറ്റും പോകുമ്പോള്‍ അവരുടെ സുരക്ഷയില്‍ ശ്രദ്ധിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

കേസില്‍ പൊലീസ് ഇതുവരെ എട്ട് സ്കൂള്‍ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും 90 പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു, അതേ സമയം കര്‍ണ്ണാടക സര്‍ക്കാര്‍ പ്രസ്തുത സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐസി‌എസ്‌സി ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :