കൊല്‍ക്കൊത്ത|
VISHNU N L|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (16:07 IST)
പശ്ചിമ ബംഗാള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം. മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് ഒരു മുന്‍സിപ്പാലിറ്റി പോലും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ഇടതുകക്ഷികള്‍ക്ക് അഞ്ചു മുനിസിപ്പാലിറ്റികള്‍ മാത്രമാണ് ലഭിച്ചത്. ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് വമ്പന്‍ വിജയമാണ്. തൃണമൂലിന്റെ തേരോട്ടത്തില്‍ ഇടതുമുന്നണിയ്ക്കും ബിജെപിക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചിട്ടില്ല.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം
91 മുനിസിപ്പാലിറ്റികളില്‍ 70 മുനിസിപ്പാലിറ്റികളുടെ ഭരണം ടി.എം.സി പിടിച്ചെടുത്തു. 2010 ലെ തിരഞ്ഞെടുപ്പില്‍ 33 മുനിസിപ്പാലിറ്റികള്‍ ലഭിച്ചിടത്താണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി എഴുപതിടത്ത് തൃണമൂല്‍ വിജയിച്ചത്. കോണ്‍ഗ്രസ് ആറിടത്തും ഭരണം നിലനിര്‍ത്തി. അഞ്ചു മുനിസിപ്പാലിറ്റികള്‍ ഇടത് മുന്നണിയ്ക്ക് ലഭിച്ചു. ഇതില്‍ രണ്ടിടത്ത് സിപിഎം തനിച്ച് ഭരിക്കും. എന്നാല്‍ ബി.ജെ.പിക്ക് തനിച്ചു ഭരിക്കാന്‍ ഒരു മുനിസിപ്പാലിറ്റി പോലും ലഭിച്ചില്ല.
ഈസ്റ്റ് മിഡ്‌നാപ്പൂരിലെ കാന്തി മുനിസിപ്പാലിറ്റിയിലെ 21 വാര്‍ഡുകളും ടി.എം.സി നേടി. കൊല്‍ക്കൊത്ത മുനിസിപ്പല്‍ കോര്‍പറേഷനിലെ 144 വാര്‍ഡുകളില്‍ 117 ഉം ജയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഇടതുമുന്നണി 15 ഉം കോണ്‍ഗ്രസും ബിജെപിയും അഞ്ചുവീതം വാര്‍ഡുകളിലും വിജയിച്ചു. സിലിഗുരി മുനിസിപ്പല്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയാണ് ടി.എംസിയ്ക്ക് ലഭിച്ച ശ്രദ്ധേയമായ തിരിച്ചടി. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയിയുടെ മകന്‍ സുബ്രാങ്ഷു റോയ് കഞ്ചരപ്പാര മുനിസിപ്പാലിറ്റിയില്‍ വിജയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.