ബംഗളൂരു സംഭവത്തില്‍ വ്യാപക പ്രതിഷേധം: നടുക്കം രേഖപ്പെടുത്തി സുഷമ, വിശദീകരണം തേടി രാഹുല്‍

ബംഗളൂരു| Sajith| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (11:39 IST)
ടാന്‍സാനിയന്‍ യുവതിയെ ബംഗളൂരുവില്‍ വച്ച് വസ്ത്രമുരിഞ്ഞ് നഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തെ പറ്റി എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന് ശേഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മതിയെന്നും ബിജെപി വ്യക്തമാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഈ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. അപമാനകരമായ ഈ സംഭവത്തില്‍ താനിക്ക് അതീവ ദുഖമുണ്ടെന്നും അവര്‍ പറഞ്ഞു. ആക്രമണം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ആക്രമണത്തില്‍ ഉള്‍പ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാന്‍സാനിയന്‍ എംബസി ഈ സംഭവത്തില്‍ വിദേശകാര്യമന്ത്രാലയത്തോട് അടിയന്തിരവും കര്‍ശനവുമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ്‍ സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍എസ് മെഗ്ഹാറിക് പറയുന്നത്. 200ല്‍ പരം ആളുകളാണ് ഇവരെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തി ഐപിസി 354
വകുപ്പ് പ്രകാരമാണ് ബംഗലൂരു പോലീസ് കേസെടുത്തത്.


ബംഗലൂരുവില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ 21കാരിയെ ഞായറാഴ്ചയാണ് ആള്‍ക്കൂട്ടം കാറില്‍ നിന്ന് വലിച്ചിറക്കി വസ്ത്രമുരിഞ്ഞ് നഗ്നയാക്കി നടത്തിച്ചത്. രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ ചികിത്സ നല്‍കിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കൂടാതെ പോലീസീല്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍
കേസെടുക്കാന്‍ തയ്യറായില്ലെന്നും യുവതി ആരോപണം ഉന്നയിച്ചു. സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് വിവിധ സാമൂഹ്യസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :