രേണുക വേണു|
Last Modified ശനി, 20 ജനുവരി 2024 (15:36 IST)
Ayodhya Ram Temple: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ മുന്നോടിയായി രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ രൂക്ഷ പ്രതികരണവുമായി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. പ്രതിഷ്ഠ കര്‍മങ്ങള്‍ക്ക് മുന്‍പ് കണ്ണുകള്‍ തുറന്ന വിഗ്രഹം കാണിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ശ്രീരാമവിഗ്രഹത്തിന്റെ പൂര്‍ണ ചിത്രം പുറത്തുവന്നത്.
' പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ക്ഷേത്രത്തിലെ പുതിയ വിഗ്രഹം പൂര്‍ണമായി തുണികൊണ്ട് മൂടിയ നിലയിലാണ് ഇപ്പോള്‍. കണ്ണുകള്‍ തുറന്ന വിധത്തില്‍ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് ശരിയായില്ല. പ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പ് കണ്ണുകളിലെ കെട്ട് അഴിക്കാന്‍ പാടില്ല. അത്തരമൊരു ചിത്രം പ്രചരിക്കുന്നുണ്ടെങ്കില്‍ ആരാണ് ഇത് ചെയ്തതെന്ന് കൃത്യമായി അന്വേഷിക്കണം,' ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്കും രാംലല്ല ചിത്രങ്ങള്‍ പ്രചരിച്ചതില്‍ ആശങ്കയുണ്ട്. അന്വേഷണം വേണമെന്ന് തന്നെയാണ് ട്രസ്റ്റിന്റെയും നിലപാട്. ജനുവരി 22 തിങ്കളാഴ്ചയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്.