ന്യൂഡൽഹി|
സജിത്ത്|
Last Modified വ്യാഴം, 15 ഡിസംബര്‍ 2016 (13:40 IST)
ആക്സിസ് ബാങ്കിന്റെ നോയ്ഡ ശാഖയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. റെയ്ഡിനെ തുടര്‍ന്ന് 20 വ്യാജ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ച 60
കോടിയോളം രൂപ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണിതെന്ന് കരുതുന്നു.
ഇതിനുമുമ്പും ആദായ നികുതി വകുപ്പ് ആക്സിസ് ബാങ്കിന്റെ ശാഖകളിൽ പരിശോധന നടത്തിയിരുന്നു. ആ സമയത്തും വ്യാപകമായ ക്രമക്കേടുകള്‍ ബാങ്കില്‍ നടന്നതായി കണ്ടെത്തിയിരുന്നു. അതേസമയം നോട്ട് അസാധുവാക്കിയതുമുതൽ ഇതുവരെ 100 കോടിയോളം രൂപയുടെ പഴയ നോട്ടുകൾ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന.
ഡൽഹിയിലെ കശ്മീരി ഗേറ്റ് ശാഖയിൽ നടത്തിയ പരിശോധനയിൽ മൂന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായാണ് രണ്ട് പേർ പിടിയിലായിരുന്നത്. നവംബർ 25നായിരുന്നു ആ സംഭവം നടന്നത്. ഈ ക്രമക്കേടിനെ തുടർന്ന് കശ്മീരി ഗേറ്റ് ശാഖയിലെ ആറ് പേർ അടക്കം 19 ഉദ്യോഗസ്ഥരെയാണ് ബാങ്ക് സസ്പെൻഡ് ചെയ്തത്.