ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്‌ദനത്തിൽ നിന്നും പിന്മാറാനാവില്ല: ഹൈക്കോടതി

മുംബൈ| അഭിറാം മനോഹർ| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (13:16 IST)
മുംബൈ: ജാതകപ്രകാരം ഗ്രഹനില ചേരുന്നില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്‌ദാനത്തിൽ നിന്നും പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹവാഗ്‌ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം ഗ്രഹനില ശരിയല്ലെന്ന് പറഞ്ഞ് പിന്മാറിയ കേസ് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്‌കെ ഷിൻഡെയുടെ വിധി.

കേസിൽ തനിക്കെതിരായ ബലാത്സംഗ,വഞ്ചനാ കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവിനാശ് മിത്ര എന്ന 32കാരനാണ് കോടതിയെ സമീപിച്ചത്. വിവാഹവാഗ്‌ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം പ്രതി തന്നെ വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ ഗ്രഹനില ചേരാത്തത് കൊണ്ടാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.

ഇത് ബലാത്സംഗമോ,വഞ്ചനാ കേസോ അല്ല, വാഗ്‌ദാന ലംഘനം മാത്രമെ ഇവിടെ നടന്നിട്ടുള്ളുവെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് വ്യക്തമാണെന്ന് വാദങ്ങൾ തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ലൈംഗികസമ്മതം കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

2012 മുതൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്‌തിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. പല തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഗർഭിണിയായപ്പോൾ വിവാഹത്തിന് ആവശ്യപ്പെട്ടപ്പോൾ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയാണ് പ്രതി ചെയ്‌തെത്. പിന്നീട് അവഗണന തുടർന്നപ്പോൾ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസിന് മുന്നിൽ വിവാഹത്തിന് സമ്മതിച്ച പ്രതി പിന്നീട് ഗ്രഹനിലയുടെ കാര്യം പറഞ്ഞ് ഒഴിവാകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :