ബീജിംഗ്|
vishnu|
Last Modified ശനി, 21 ഫെബ്രുവരി 2015 (14:04 IST)
ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ അത് തങ്ങളുടെ ഭാഗമാണെന്നാണ് ചൈന പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഇക്കാര്യം എപ്പോഴും ഉന്നയിക്കുന്ന ചൈന അരുണാചലില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ വിസ അടിച്ച് നല്‍കില്ല. പകരം സ്റ്റേപ്പിള്‍ഡ് വിസയാണ് അവര്‍ കൊടുക്കുന്നത്. ചൈന ഇന്നേവരെ അരുണാചലിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ചിട്ടുമില്ല.
അതിനാല്‍ അവിറ്റെ ഇന്ത്യയുടെ നേതാക്കന്മാര്‍ ആരെങ്കിലും എത്തുന്നത് ചൈന എപ്പോഴും വിവാദമാക്കുകയും ചെയ്യുന്നു.
ഇപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി അരുണാചല്‍ സന്ദര്‍ശിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയുടെ അരുണാചല്‍ സന്ദര്‍ശനവും ചൈന വിവാദമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അരുണാചല്‍ സന്ദര്‍ശിച്ച മോഡി ഒരു റെയില്‍വെ ലൈനിന്റെയും പവര്‍ സ്‌റ്റേഷന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൈന അതൃപതി രേഖപ്പെടുത്തി.
തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കളുടെ സന്ദര്‍ശനം അനുവദിക്കാനാവില്ലെന്നാണ് ചൈനയുടെ നിലപാട്.
അരുണാചലിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്‌തമാക്കി. അതിര്‍ത്തി തര്‍ക്കത്തെ സങ്കീര്‍ണ്ണമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ഉഭയകക്ഷിബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ചൈനീസ് വിദേശകാര്യ വക്‌താവ് ഹുവ ചുന്‍യിംഗ് വെളളിയാഴ്‌ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ചൈന ഒരിക്കലും അരുണാചല്‍ പ്രദേശിനെ അംഗീകരിച്ചിട്ടില്ല. തര്‍ക്ക പ്രദേശത്ത് ഇന്ത്യന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നതിനെ ചൈന എതിര്‍ക്കുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
അതേസമയം ചൈനയെ കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും സംസ്‌ഥാനത്ത് സുസ്‌ഥിര വികസനം മോഡി വാഗ്‌ദാനം ചെയ്‌തിരുന്നു. കഴിഞ്ഞ 28 വര്‍ഷം കണ്ടതിനെക്കാള്‍ കൂടുതല്‍ വികസനം അടുത്ത അഞ്ചു വര്‍ഷങ്ങളിലുണ്ടാവുമെന്നും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. റെയില്‍വെ വികസനവും ജലവൈദ്യുത പദ്ധതികളും സംസ്‌ഥാനത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും മോഡി ചൂണ്ടിക്കാട്ടിയിരുന്നു.