ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 9 മാര്‍ച്ച് 2016 (18:52 IST)
ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് സംഘടിപ്പിക്കുന്ന ലോകസാംസ്കാരികോത്സവത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്കി. ആര്‍ട്ട് ഓഫ് ലിവിങ്ങിന് ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപയുടെ പിഴ വിധിച്ചു, അതിനുശേഷമാണ് അനുമതി നല്‍കിയത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി 35 ലക്ഷത്തോളം പേര് സാംസ്കാരികോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
യമുന നദിയുടെ മറുകരയില്‍ നിന്ന് വേദിയിലേക്കുള്ള പാലങ്ങള്‍ സൈന്യത്തെ കൊണ്ട് നിര്‍മ്മിച്ചത് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധത്തിന് കാരണമായിരുന്നു.
ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ഹരിത ട്രൈബ്യൂണല്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. താല്‍ക്കാലിക നിര്‍മ്മിതിയാണെന്ന് പറയുന്നതെന്ത് കൊണ്ടാണെന്നും മന്ത്രാലയം ക്ഷമ പരീക്ഷിക്കരുതെന്നും ട്രൈബ്യൂണല്‍ പറഞ്ഞിരുന്നു.
ഇതിനായി പാരിസ്ഥിതിക അനുമതി ആവശ്യപ്പെട്ടിട്ടില്ല. ഇത്ര വലിയ ചടങ്ങ് സംഘടിപ്പിക്കുന്നതിന് മന്ത്രാലയം അനുമതി നല്‍കിയിരുന്നോയെന്നും ഇക്കാര്യം ആരെങ്കിലും പരിശോധിച്ചിരുന്നോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു.
ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയെയും ട്രൈബ്യൂണൽ വിമർശിച്ചു. ബോർഡിന്റെ കടമ എന്താണെന്നും ഒരു കൾച്ചറൽ ഫെസ്റ്റിന്റെ പേരിൽ ഇത്തരം നിർമാണ പ്രവൃത്തികൾ നടത്തുന്നത് ശ്രദ്ധിച്ചിരുന്നോവെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ട്രൈബ്യൂണൽ ചോദിച്ചു.