ജാട്ട് കലാപം: 150 ട്രയിനുകള്‍ റദ്ദു ചെയ്തു, ഗുഡ്‌ഗാവിലേക്കുള്ള എല്ലാ റോഡുകളും അടച്ചു, ട്രയിനിന് തീയിട്ടു, അക്രമികളെ കണ്ടാലുടന്‍ വെടുവെക്കാന്‍ ഉത്തരവ്

ന്യൂഡൽഹി| JOYS JOY| Last Modified ശനി, 20 ഫെബ്രുവരി 2016 (12:53 IST)
സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി. പ്രക്ഷോഭം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് ഹരിയാന വഴിയുള്ള 150 ട്രയിനുകള്‍ റദ്ദു ചെയ്തു. ഹരിയാനയിലെ ബുധഖേദ റെയില്‍വെ സ്‌റ്റേഷനും പെട്രോൾ പമ്പും ഹാളുകളും തീയിട്ടു. ഇതിനിടയില്‍ പ്രക്ഷോഭകാരികള്‍ ട്രയിനിനും തീയിട്ടു. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ് നല്കിയിട്ടുണ്ട്.

പ്രക്ഷോഭം അതിരൂക്ഷമായ മേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ഹരിയാനയിലെ റോത്തക്ക്, ഭിവാനി തുടങ്ങിയ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പൊലീസിന് വെടിവെക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിരവധി ബസ് സര്‍വ്വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്.

പ്രധാന ഹൈവേകളും നിരത്തുകളും ഗുഡ്ഗാവിൽ സമരക്കാർ ഉപരോധിക്കുകയാണ്. സൈനികർ സ്ഥലത്തെത്തുന്നത് തടയുന്നത് ലക്‌ഷ്യം വെച്ചാണ് നിരത്തുകൾ ഉപരോധിക്കുന്നത്. ഹെലികോപ്റ്റർ വഴിയാണ് ഇവിടെ സൈന്യത്തെ എത്തിക്കുന്നത്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ 3,300 അര്‍ദ്ധസൈനികരെയും കേന്ദ്രസർക്കാർ രംഗത്തിറങ്ങിയിട്ടുണ്ട്. നേരത്തെ റോത്തക്കില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ 19 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :