അമേരിക്കന്‍ തെരഞ്ഞെടുപ്പിന് വിരാമം; ഒബാമയെപ്പോലെ ഡൊണാള്‍ഡ് ട്രംപും മോദിയുടെ മിത്രമാകുമോ ? പ്രതീക്ഷയോടെ ഇന്ത്യന്‍ ജനത

അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്

Donald Trump, Hillary Clinton, US presidential election, US President, USA വാഷിംഗ്ടണ്, അമേരിക്കന്‍ പ്രസിഡന്റ്, ഡോണൾഡ് ട്രംപ്,   ഹിലരി
സജിത്ത്| Last Updated: ബുധന്‍, 9 നവം‌ബര്‍ 2016 (15:53 IST)
പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് അമേരിക്കയുടെ 45–മത് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ജയിക്കാന്‍ ആവശ്യമായ മാന്ത്രിക സംഖ്യയായ 270 മറികടന്നതോടെ എഴുപതുകാരനായ ട്രംപ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിർ സ്‌ഥാനാർഥി ഹിലാരി ക്ലിന്റണ് 218 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടിയത്. മുപ്പതോളം സംസ്‌ഥാനങ്ങൾ ട്രംപിനെ പിന്തുണച്ചപ്പോൾ 20 സംസ്‌ഥാനങ്ങൾ മാത്രമാണ് ഹിലാരിക്കൊപ്പം നിന്നത്.

ലോകജനത ഉറ്റുനോക്കിയിരുന്ന ഈ തെരഞ്ഞടുപ്പിനെ ഇന്ത്യയും അതേ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ ഭാവി കൂടി മനസ്സില്‍ വച്ച് പ്രധാനമായും നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന നയത്തിനുകൂടിയുള്ള പിന്തുണ പ്രതീക്ഷിച്ചാണ് തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി ക്ലിന്റണ്‍ കുടുംബത്തെ കണ്ടത്. അതുപോലെ അമേരിക്കയില്‍ പുതിയതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരുമായും ഇതേ തരത്തിലുള്ള അടുപ്പം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്കുണ്ട്. ഭീകരകേന്ദ്രങ്ങളെ അതിര്‍ത്തി കടന്നുപോലും ആക്രമിക്കാം എന്ന അമേരിക്കന്‍ നയം ഇനിയും തുടരുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.



തെക്കൻ ചൈന കടലിലെ ചൈനീസ് കടന്നുകയറ്റവും അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇവിടുത്തെ ചൈനീസ് മുന്നേറ്റം തടയുന്നതിനായി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ശക്തരായ ഏക പങ്കാളി ഇന്ത്യയാണ്. അതേസമയം അരുണാചൽ പ്രദേശിലും ലഡാക്കിലുമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍
ചൈന നടത്തുന്ന കടന്നുകയറ്റങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ട്. കൂടാതെ പാകിസ്ഥാനുമൊത്ത് ചൈനയുടെ വ്യാപാര ഇടനാഴി നിർമാണവും പാകിസ്ഥാന് ലഭിക്കുന്ന ആയുധങ്ങളിൽ 63 ശതമാനവും ചൈനയിൽ നിന്നാണെന്നുള്ളതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ‌ അമേരിക്ക പോലുള്ള ഒരു വൻശക്തിയുടെ പിന്തുണയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ആയുധക്കച്ചവടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി അമേരിക്കയാണ്. അതുപോലെ മറ്റ് പല വ്യാപാര ഇടപാടുകളിലും യുഎസ് തന്നെയാണ് മുന്‍‌നിരയില്‍. 2020ഓടെ ഇന്ത്യ- യുഎസ് വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു ഒബാമ- മോദി കൂടിക്കാഴ്ചയിൽ തീരുമാനിച്ചത്. സൈനിക സഹകരണത്തിലേക്ക് നീങ്ങി കഴിഞ്ഞ ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്തിന് സാധ്യതയില്ല. എന്നാല്‍ ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വത്തിനായി ശക്തമായ പിന്തുണയും ഐക്യരാഷ്ട്രസഭയിലെ പരിഷ്ക്കരണ നടപടികള്‍ക്ക് തുടക്കവുമാണ് പുതിയ പ്രസിഡന്റിന്റെ കാലഘട്ടത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്.

മാളവിക ചന്ദനക്കാവ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :