രേണുക വേണു|
Last Modified വെള്ളി, 22 ഒക്ടോബര്‍ 2021 (15:27 IST)
ഇന്ത്യന്‍ ചരിത്രത്തില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യം ഉണ്ടാക്കികൊടുത്ത രണ്ട് നേതാക്കളാണ് നരേന്ദ്ര മോദിയും അമിത് ഷായും. ഗുജറാത്ത് രാഷ്ട്രീയത്തില്‍ നിന്ന് ആരംഭിച്ച ഇരുവരുടെയും മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയക്കാരായ അമിത് ഷായും നരേന്ദ്ര മോദിയും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.
സ്കൂള്‍ പഠനക്കാലത്ത് എബിവിപിയില്‍ പ്രവര്‍ത്തിച്ചിരുന്ന അമിത് ഷാ പില്ക്കാലത്ത് ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസ് സ്വയം സേവകനായിരുന്നു അമിത് ഷാ. 1982 ലാണ് അമിത് ഷാ നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്. അഹമ്മദാബാദിലെ ആര്‍എസ്എസ് വേദിയാണ് അതിനു നിമിത്തമായത്. ഷാ ആര്‍എസ്എസ് സ്വയം സേവകനും മോദി അക്കാലത്ത് ആര്‍എസ്എസിന്റെ യുവ പ്രചാരകനുമായിരുന്നു. ഇരുവരും അതിവേഗം സൗഹൃദത്തിലായി. പിന്നീട് ഇരുവരും ഒന്നിച്ചാണ് രാഷ്ട്രീയത്തില്‍ പിടിമുറുക്കിയത്.
2002 ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ അമിത് ഷായായിരുന്നു ആഭ്യന്തരമന്ത്രി. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ മോദി അമിത് ഷായെ ആശ്രയിച്ചിരുന്നു. ഇക്കാലത്താണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങൂ എന്ന് നരേന്ദ്ര മോദിയോട് അമിത് ഷാ പറഞ്ഞത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അത് സാധ്യമാകുകയും ചെയ്തു. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ബിജെപിയുടെ തലപ്പത്ത് അമിത് ഷാ ഉണ്ടായിരുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ രണ്ടാമനും അമിത് ഷാ തന്നെ. നിലവില്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ.