ബീഹാറില്‍ കൈപൊള്ളി, ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അമിത്‌ഷാ പിന്‍‌വാങ്ങി

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (18:07 IST)
ബീഹാർ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിനു പിന്നാലെ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളിലെ പ്രചാരണത്തില്‍ നിന്ന് ബിജെപി അധ്യക്ഷന്‍ അമിത്‌ഷാ പിന്‍‌വാങ്ങി. ബംഗാളിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് ഈ മാസം 30ന് നടക്കാനിരിക്കുന്ന 'ഉത്തം ദിവസ്' എന്ന പൊതുപരിപാടിയോടെ പ്രചരണപ്രവർത്തനങ്ങൾ തുടങ്ങാനാണ് ബി.ജെ.പി തീരുമാനിച്ചിരുന്നത്.

എന്നാല്‍ ബീഹാര്‍ ഫലം വന്നതിനു പിന്നാലെ പരിപാടിയില്‍ നിന്ന് അമിത്‌ഷാ പി‌വാങ്ങുകയായിരുന്നു. അതേസമയം ബംഗാൾ റാലിയിൽ നിന്ന് അമിത് ഷാ പിൻമാറിയത് വാർത്തയായതോടെ ബീഹാർ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങൾ പുറമെ പറയുന്നത്.

ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി മോഡി-അമിത് ഷാ നേതൃത്വത്തിനെതിരെ പാർട്ടിയിൽ എതിർശബ്ദം ഉയരുന്നതിനിടെയാണ് ബംഗാൾ റാലിയിൽ നിന്ന് അമിത് ഷായുടെ പിൻമാറ്റം എന്നത് ശ്രദ്ധേയമാണ്. ഉത്തം ദിവസ് റാലിയിൽ നിന്ന് അമിത് ഷാ പിൻമാറിയതോടെ ബംഗാളിൽ ബി.ജെ.പിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി പാർട്ടി സംസ്ഥാന നിരീക്ഷകൻ കൈലാഷ് വിജയ്‌വാർഗിയയുടെ നേതൃത്വത്തിൽ നടക്കും.

ഡിസംബർ അവസാനത്തോടെയെ ഇനി അമിത് ഷാ പങ്കെടുക്കുന്ന ബി.ജെ.പി പരിപാടി ബംഗാളിൽ നടക്കൂ. അതിനു മുമ്പ് ബീഹാര്‍ പരാജയത്തോടെ പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുള്ള പൊട്ടിത്തെറികള്‍ ഒതുക്കാനായിരിക്കും അമിത്‌ഷായുടെ നീക്കങ്ങള്‍. ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് പ്രമുഖ ബിജെപി നേതാക്കളും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ ജനുവരി മുതൽ തുടങ്ങും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :