വിവാഹിത-അവിവാഹിത വ്യത്യാസമില്ല, ഗര്‍ഭഛിദ്രത്തിനു എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശം: സുപ്രീം കോടതി

സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് വിധിയില്‍ പറയുന്നു

രേണുക വേണു| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (11:46 IST)

വിവാഹിതയെന്നോ അവിവാഹിതയെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താന്‍ തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍ നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എസ്.ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് വിധിയില്‍ പറയുന്നു. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021 ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗര്‍ഭഛിദ്രത്തിനു അനുമതി തേടി അവിവാഹിതയായ 25 കാരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :