Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (12:50 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി, സിനിമാ താരം അക്ഷയ് കുമാറിന് നല്‍കിയ രാഷ്ട്രീയേതര അഭിമുഖമാണ് ട്വിറ്ററില്‍ ട്രെന്റിംങ്. കുടുംബത്തെക്കുറിച്ചും വ്യക്തിപരമായ സവിശേഷതകളെക്കുറിച്ചും അക്ഷയ്മകുമാറിനോട് നരേന്ദ്ര മോദി വിശദീകരിക്കുന്നത്. മൂന്നാം ഘട്ട വോട്ടിംങ് കഴിഞ്ഞതിന് ശേഷമാണ് വ്യക്തിപരമായ സവിശേഷതകള്‍ സ്വയം പറഞ്ഞുള്ള അഭിമുഖം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
‘സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം, സൈനികരെ കാണുമ്പോഴൊക്കെ അവരെ സല്യൂട്ട് ചെയ്യുമായിരുന്നു’ സൈന്യത്തോടുള്ള തന്റെ ആഭിമുഖ്യം പ്രധാനമന്ത്രി അഭിമുഖത്തില്‍ ഇങ്ങനെയാണ് വിശദീകരിച്ചത്. ചൈനീസ് യുദ്ധകാലത്ത് പട്ടാളക്കാര്‍ ട്രെയിനില്‍ പോകുന്നത് ആദരവോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലപ്പുറമുള്ള കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നതില്‍ അക്ഷയകുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടും പ്രധാനമന്ത്രി വാചാലനായി. ഗുജറാത്തിലായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി നല്ല സൗഹൃദം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘ ഒരു ആര്‍എസ്എസ് പ്രചാരകനായിരുന്ന ആള്‍ക്ക് എങ്ങനെ ഗുലാം നബി ആസാദിനെപോലുള്ള നേതാവുമായി സൗഹൃദം സൂക്ഷിക്കാന്‍ കഴിയുന്നുവെന്ന കാര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് പോലും ആശ്ചര്യമായിരുന്നു’ മോദി വെളിപ്പെടുത്തി.
പ്രധാനമന്ത്രിയോട് രാഷ്ട്രീയ എതിര്‍പ്പ് ശക്തമായി പ്രകടിപ്പിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജിയെക്കുറിച്ച് വാചലാനായി. എല്ലാ വര്‍ഷവും തനിക്ക് മധുരപലഹാരങ്ങള്‍ മമതാ ബാനര്‍ജി അയച്ചു തരാറുണ്ടെന്നായിരുന്നു മോദിയുടെ വെളിപ്പെടുത്തല്‍. ‘അതുമാത്രമല്ല, വര്‍ഷത്തില്‍ രണ്ട് തവണ കൂര്‍ത്ത അയച്ചു തരാറുണ്ട്’ മമത ബാനര്‍ജിയുമായുളള സൗഹാര്‍ദ്ദത്തെക്കുറിച്ച് മോദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയില്‍നിന്നാണ് തനിക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമാണെന്ന് കാര്യം മമത അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാളില്‍ നടന്ന പൊതുയോഗത്തില്‍ മമതാ ബാനര്‍ജിക്കെതിരെ ശക്തമായ വിമര്‍ശനമായിരുന്നു മോദി നടത്തിയത്. പ്രധാനമന്ത്രി പദം ലേലത്തിന് വെച്ചിരുന്നുവെങ്കില്‍ അഴിമതിയിലൂടെ നേടിയ പണം ഉപയോഗിച്ച് മമതയ്ക്ക് അത് നേടിയെടുക്കാന്‍ കഴിയുമായിരുന്നുവെന്നായിരുന്നു മോദിയുടെ പരിഹാസം.
കുടുംബ ജീവിതത്തെക്കുറിച്ചും മോദി പറഞ്ഞു. ചെറുപ്പകാലം മുതല്‍ തന്നെ കുടുംബത്തില്‍നിന്ന് അകന്നുകൊണ്ടുള്ള നിര്‍മമമായ ജീവിതമായിരു്ന്നു താന്‍ ജീവിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ താന്‍ കുടുംബത്തില്‍നിന്ന് അകന്നാണ് ജീവിക്കാറുള്ളത്. അതേ ജീവിതം പിന്നീടും തുടര്‍ന്നു. ഇത്രയും കാലം മുഖ്യമന്ത്രിയായതിന് ശേഷം ആര്‍ക്കും പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് തനിക്ക് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും തന്റെ രസിക സ്വഭാവം പ്രകടിപ്പിക്കാന്‍ കഴിയാറില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി തനിക്ക് ദേഷ്യം പിടിക്കാറില്ലെന്നും അവകാശപ്പെട്ടു. വിശ്രമകാലത്തും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി വ്യക്തിപരമായ സൗഹാർദ്ദമാണുള്ളതെന്ന് മോദി അവകാശപ്പെട്ടു. മുന്ന് മുന്നര മണിക്കൂര്‍ മാത്രം ഉറങ്ങുന്നതിനെ കുറിച്ച് ഒബാമ ചോദിച്ചുവെന്നും ജോലിയോടുള്ള അമിതാഭിമുഖ്യമാണ് ഇതിന് കാരണമെന്ന് ഒബാമ പറഞ്ഞതെന്നുമായിരുന്നു മോദിയുടെ അവകാശവാദം.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചായ വിറ്റാണ് ജീവിച്ചതെന്ന അവകാശ വാദം മോദി ആവര്‍ത്തിച്ചു. ചായ വില്‍ക്കുന്ന കാലത്ത് തനിക്ക് നിരവധി ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. പശുക്കളെയും കാളകളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ സ്‌റ്റേഷനില്‍ രണ്ടും മൂന്നും ദിവസം തങ്ങാറുണ്ടായിരുന്നു. അവരുമായി സംസാരിച്ചാണ് തന്റെ ഹിന്ദി മികച്ചതായതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യത്തെ അന്താരാഷ്ട്ര പ്രസംഗത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രസംഗം തയ്യാറാക്കാതെയാണ് പോയത്. എന്നാല്‍ പ്രസംഗം എഴുതി തയ്യാറാക്കണമെന്ന് സുഷമ സ്വരാജ് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ എഴുതി തയ്യാറാക്കിയ പ്രസംഗം തനിക്ക് വഴങ്ങില്ലെന്നും മോദി പറഞ്ഞു.