എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ ആകാശത്ത് ഏറ്റുമുട്ടി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (12:07 IST)
ജര്‍മ്മന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൈലറ്റുമാരുടെ മാനസിക ആരോഗ്യനില പരിശോധിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റില്‍ പൈലറ്റുമാര്‍ ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എ-320 വിമാനത്തിലാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്.

സഹപൈലറ്റ് പ്രധാന പൈലറ്റിനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മാത്രമേ നടന്നുള്ളുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഇരുവരെയും താല്‍ ക്കാലികമായി കരിമ്പട്ടികയില്‍ പെടുത്തി. വിശദമായ അന്വേഷണത്തിന് എയര്‍ ഇന്ത്യ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ ഇരുവര്‍ ക്കും വിമാനം പറത്താനാകില്ല. എന്നാല്‍ പ്രശ്നമുണ്ടാക്കിയ സഹ പൈലറ്റ് മുന്‍പും സമാനമായ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പ്രതികരിച്ചു.

മൂന്നു വര്‍ഷം മുന്‍പ് മറ്റൊരു കമാന്‍ഡറോട് വഴക്കിട്ട് കോക്ക്പീറ്റില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദേശിക്കുകയും അയാളുടെ ഷര്‍ട്ടിലെ നക്ഷത്രങ്ങള്‍ പറിച്ചെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാളുടെ പെരുമാറ്റരീതി മോശമാണെന്ന് കാണിച്ച് മറ്റൊരു കമാന്‍ഡറും പരാതി നല്‍കിയിരുന്നു. ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതെല്ലം പരിഗണിച്ചതിനു ശേഷമാകും നടപടി ഉണ്ടാകുക.

അതേസമയം, ഇയാള്‍ക്കെതിരായ മുന്‍ പരാതികളുടെ കൂടി പശ്ചാത്തലത്തില്‍ നടപടി എയര്‍ ഇന്ത്യയുടെയും
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെയും പരിഗണനയിലായിരുന്നു. അപ്പോഴാണ് പുതിയ പ്രശ്നം ഉണ്ടായിരിക്കുന്നത്. വിമാനം സുരക്ഷിതമായി ഇറങ്ങിയതിനാല്‍ സംഭവത്തില്‍ അന്വേഷണം നടത്തില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :