ന്യൂഡല്‍ഹി|
VISHNU N L|
Last Modified വെള്ളി, 19 ജൂണ്‍ 2015 (17:50 IST)
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം വിവാദമായതോടെ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി വിശദീകരണവുമായി രംഗത്ത്.
തന്റെ പ്രസ്‌താവന ഏതെങ്കിലും വ്യക്‌തിയെ ഉദ്ദേശിച്ചുള്ളതല്ലെന്നും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചായിരുന്നെന്നുമാണ് അദ്വാനി പറയുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ് ഒരിക്കൽ പോലും ഖേദപ്രകടനം നടത്താൻ തയ്യാറായിട്ടില്ലെന്നും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് മാപ്പു പറയണമെന്നും അദ്വാനി ആവശ്യപ്പെട്ടു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
താന്‍ ആരെയും ഉദ്ദേശിച്ചല്ല പ്രസ്‌താവന നടത്തിയത്. ഏകാധിപത്യ പ്രവണതകൾ പാടില്ല. എല്ലാത്തരം ഏകാധിപത്യത്തേയും എതിർക്കുന്നു.
ഇന്നത്തെ നേതാക്കള്‍ വാജ്‌പേയിയെപ്പോലെ വിനയാന്വിതരാകണമെന്നും . ധാർഷ്ട്യം നേതാക്കളെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്വാനി പറഞ്ഞു.
രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ നാല്‍പ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് അടിയന്തരാവസ്‌ഥയ്‌ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അദ്വാനി പറഞ്ഞത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ദുർബലമാണെന്നും അതിനാൽ തന്നെ അടിയന്തരാവസ്ഥ വീണ്ടും ഉണ്ടാവില്ലെന്ന് പറയാൻ തനിക്ക് ആത്മവിശ്വാസം ഇല്ലെന്നുമായിരുന്നു അദ്വാനി പറഞ്ഞത്.
ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള നേതൃത്വത്തെ രാജ്യത്തെങ്ങും കാണാനില്ല. ഇപ്പോഴത്തെ നേതൃത്വത്തില്‍ തനിക്ക് വിശ്വാസമില്ല. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്‌തികളാണ് കരുത്തര്‍. അതുകൊണ്ട് അടിയന്തരാവസ്‌ഥ ഇനിയും ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്വാനിയുടെ വിവാദ പ്രസ്‌താവന. ഇത് മോഡിയെ ഉദ്ദേശിച്ചാണ് പ്രഞ്ഞതെന്ന വ്യാഖ്യാനമുണ്ടായതൊടെ ബിജെപിയും ആര്‍എസ്‌എസും വെട്ടിലായിരുന്നു.
ഇതൊടെയാണ് വിശദീകരണവുമായി അദ്വാനിതന്നെ രംഗത്തെത്തിയത്. അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടത്താനിരുന്ന കൂടുക്കാഴ്ച അദ്വാനി റദ്ദാക്കി. ആർഎസ്എസിന്റേയും ബിജെപി നേതൃത്വത്തിന്റേയും അതൃപ്തിയെ തുടർന്നാണിതെന്നാണ് സൂചന.