ഭർത്താവ് ഭാര്യയുടെ ഉടമ അല്ല, സ്ത്രീക്കും പുരുഷനും തുല്യഅധികാരം: സുപ്രീംകോടതി

അപർണ| Last Modified വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (11:20 IST)
വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു വിധി പറഞ്ഞത്.

സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ആം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ പി സി 497 കോടതി റദ്ദാക്കി.

വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍ അതൊരു ക്രിമിനല്‍ കുറ്റമല്ല. ഭർത്താവ് ഭാര്യയുടെ ഉടമ അല്ല. അതേസമയം, വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും പറഞ്ഞു.


വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയാണു സുപ്രീംകോടതി. നിലവിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 ആം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്. ഇതാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്.

അതേസമയം, വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്. സ്ത്രീകളെക്കൂടി കുറ്റവാളിയാക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :