ബീഫ് വിറ്റെന്നാരോപിച്ച് മുസ്ലിം വൃദ്ധനു നേരെ ആക്രമണം; പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമം - അഞ്ചു പേര്‍ അറസ്‌റ്റില്‍

 police , beef , selling beef , old muslim , assam , മുസ്‌ലിം വൃദ്ധന്‍ , ബീഫ് , ആക്രമണം , ബംഗ്ലാദേശ്
ബിശ്വനാഥ് (അസം)| Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (12:57 IST)
ബീഫ് വില്‍പന നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മുസ്‌ലിം വൃദ്ധനെ ക്രൂരമായി ആക്രമിച്ചു. ഷൗക്കത്ത് അലി (68) എന്നയാള്‍ക്കുനേരെയാണ് ആക്രമണം നടന്നത്. ഇയാളെ റോഡില്‍ ഇട്ട് മര്‍ദ്ദിക്കുകയും പന്നിയിറച്ചി കഴിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അസമിലെ ബിശ്വനാഥ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബിശ്വനാഥ് ചരിയാലിയില്‍ 35 വര്‍ഷത്തോളമായി ഹോട്ടല്‍ നടത്തുന്ന ഷൗക്കത്തലിയെ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയാക്കുകയായിരുന്നു.

നിങ്ങൾ ബംഗ്ലാദേശുകാരനാണോ, നിങ്ങൾക്കു ബീഫ് കൈവശം വയ്ക്കാനും വിൽക്കാനും ലൈൻസൻസ് ഉണ്ടോ? തുടങ്ങിയ ആക്രോശങ്ങളുമായി ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്. മർദ്ദനമേറ്റ് അവശനായി ആൾക്കൂട്ടത്തിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്ന് മുട്ടു കുത്തി ഇരിക്കുന്ന ഷൗക്കത്തലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പരുക്കേറ്റ ഷൗക്കത്തലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. പുറത്തുവന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചതായും ഷൗക്കത്തിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതായും ബിശ്വനാഥ് എസ്.പി രാകേഷ് റോഷന്‍ പറഞ്ഞു. അസം പൗരത്വ രജിസ്റ്ററിന്‍റെ പേരിൽ വലിയ ധ്രുവീകരണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :