വാഹനാപകടങ്ങളിൽ പരുക്കേറ്റ് കിടക്കുന്നവരെ സഹായിക്കാൻ എത്തുന്നവർക്ക് തടസ്സങ്ങൾ ഒന്നും ഉണ്ടാക്കരുതെന്നും അവരെ നിയമനടപടികളിൽ നിന്നും ഒഴിവാക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ മാർഗനിദേശത്തിനാണ് സുപ്രിംകോടതി അംഗീകാരം നൽകിയത്.
മാർഗനിർദേശങ്ങൾ പത്രമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും ഈ വിവരം എല്ലാവരിലേക്കും എത്തിക്കണമെന്നും കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.നിയമക്കുരുക്കുകളെ ഭയന്ന് പലരും സഹായിക്കാൻ മടികാണിക്കുകയും നിരവധിപേർ അടിയന്തിര ചികിത്സകൾ ലഭിക്കാതെ റോഡിൽ കിടന്ന് മരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുവാനുള്ള ഉത്തരവിനായി സുപ്രിംകോടതിയെ സമീപിച്ചത്.
മാർഗനിർദേശപ്രകാരം റോഡ് അപകടങ്ങളിൽ പരുക്കേറ്റ് കിടക്കുന്നവരെ സഹായിക്കാൻ എത്തുന്ന 'നല്ല ശമരിയക്കാരെ' എല്ലാവിധത്തിലുമുള്ള നിയമനടപടികളിൽ നിന്നും പ്രത്യേകിച്ചും പൊലീസിന്റേയും മറ്റ് അധികൃതരുടേയും ഭാഗത്തുനിന്നുള്ള അനിഷ്ടസംഭവങ്ങളിൽ നിന്നും ഒഴിവാക്കുന്നുവെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. സഹായികളുടെ വിവരങ്ങൾ രഹസ്യമായിരിക്കണമെന്നും ഒരു കാരണവശാലും ബുദ്ധിമുട്ടിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.