സൈക്കിളിടിച്ചു വീണയാളുടെ ദേഹത്തുകൂടി ബസ് കയറി; ഒടുവില്‍ എക്സ് റെ യന്ത്രം വീണ് മരിച്ചു!

മുംബൈ| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (13:56 IST)
സുഖ്ദിയോ ലാല്‍ജി സേഠ് ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍‍. ജീവിതത്തില്‍ ഒന്നിലേറെ തവണ മരണത്തെ മുഖാമുഖം കാണുകയും ഒടുവില്‍ ദാരുണമായി മരണത്തിനു കീഴടങ്ങുകയും ചെയ്ത ഇദ്ദേഹത്തെ നിര്‍ഭാഗ്യവാന്‍ എന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍ സാധിക്കും.

സെന്‍ട്രല്‍ റെയില്‍വെ ഉദ്യോഗസ്ഥനായിരുന്നു 42 കാരനായ ലാല്‍ജി സേത്ത്. എന്നത്തെയും പോലെ പ്രഭാതസവാരിക്കിറങ്ങിയ ഇദ്ദേഹത്തേ കിഴക്കന്‍ ബോറിവിലിയിലെ കപാഡിയ റോഡിലെ വളവില്‍ വെച്ച് സൈക്കിള്‍ യാത്രക്കാരന്‍ ഇടിച്ചിട്ടതോടെയാണ് ദുരിതങ്ങളുടെ തുടക്കം.

പുലര്‍ച്ചെ 5.55 ഓടെയായിരുന്നു അപകടം. സൈക്കിളിടിച്ച് താഴെവീണ സേഠിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. അരക്കെട്ടിന് പരിക്കേറ്റ കിടന്ന സേത്തിനെ കുടുംബാംഗങ്ങള്‍ എത്തിയാണ് ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രിയിലെത്തിച്ചത്.എന്നിട്ടും മരണത്തിന് കീഴടങ്ങാതിരുന്ന ലാല്‍ജി സേഠിന് വിധി ഒരുക്കി വച്ചത് മറ്റൊന്നായിരുന്നു.


6.15 ഓടെയാണ് സേത്തിനെ പരിക്കുകളോടെ ആസ്പത്രിയില്‍ എത്തിച്ചത്. അടിയവയറിന്റെ ഭാഗം എക്‌സറെക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിര്‍ഭാഗ്യമെന്ന് പറയട്ടെ എക്‌സറെ യന്ത്രം തകര്‍ന്ന് അദ്ദേഹത്തിന്റെ ദേഹത്ത് വീണു. ഉടന്‍ തന്നെ ആത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും അതിനോടകം മരണം സംഭവിച്ചു.

അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ തീരെ നിലവാരമില്ലാത്തതിന് പ്രസിദ്ധമാണ് ബാബസാഹിബ് അംബേദ്കര്‍ ആസ്പത്രി. എതായാലും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :