ആം ആദ്മി കലങ്ങിത്തുടങ്ങി, ആശങ്കയോടെ വോട്ട് ചെയ്ത ജനം

ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 2 മാര്‍ച്ച് 2015 (18:24 IST)
ആം ആദ്മി പാര്‍ട്ടിയില്‍ അരവിന്ദ് കെജ്രിവാള്‍- യോഗേന്ദ്ര യാദവ് പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. കെജ്രിവാളിനെ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ യോഗേന്ദ്ര യാദവ് ശ്രമിച്ചെന്ന് ആരോപിക്കുന്ന ദിലീപ് പാഢെയുടെ കത്ത് പുറത്തായി. ദേശീയ നിര്‍വാഹക സമിതിക്കെഴുതിയ കത്തിലാണ് പാഢെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ യോഗേന്ദ്ര യാദവും പ്രശ്ക്ഷാന്ത് ഭൂഷണും പാര്‍ട്ടി ഓംബുഡ്‌സ്മാന് അയച്ച രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു. യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ഒന്നിച്ചും പ്രശാന്ത് ഭൂഷണ്‍ ഒറ്റക്കും അയച്ച കത്തുകളാണ് പുറത്തുവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായിച്ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വരുന്നത്. സ്ഥാനാര്‍ഥിനിര്‍ണയം, മന്ത്രിസഭാ രൂപവത്കരണം, ഭാവിരാഷ്ട്രീയം, കെജ്രിവാളിന്റെ ദേശീയ കണ്‍വീനര്‍ സ്ഥാനം എന്നിവയെച്ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്ക് വ്യത്യസ്ത നിലപാടാണ്.
പാര്‍ട്ടിയില്‍ ആഭ്യന്തരജനാധിപത്യം കുറയുന്നുവെന്നും ഇത് സ്ഥാപിതലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നുമുള്ള അഭിപ്രായമാണ് പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്.
അതേസമയം കെജ്രിവാള്‍ ഏകാധിപത്യപരമായി തീരുമാനമെടുക്കുന്നുവെന്നാണ് യോഗേന്ദ്രയാദവിന്റെ ആരോപണം. ഇവ ചര്‍ച്ചയായതോടെ പാര്‍ട്ടി ഓംബുഡ്‌സ്മാനും സ്ഥാപകനേതാവുമായ അഡ്മിറല്‍ രാംദാസ് കെജ്രിവാളിന് തുറന്നകത്തയച്ചു.

പാര്‍ട്ടിനേതാക്കള്‍ക്കിടയില്‍ വിശ്വാസരാഹിത്യവും ഐക്യമില്ലായ്മയും വളരുകയാണെന്നും മുമ്പത്തേതുപോലെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നുമാണ് രാംദാസ് കെജ്രിവാളിനയച്ച ഇമെയിലില്‍ പറയുന്നത്. ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍വിജയത്തെത്തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലും പാര്‍ട്ടി വ്യാപിപ്പിക്കണമെന്നതിനെക്കുറിച്ച് കെജ്രിവാളിനും യോഗേന്ദ്രയാദവിനും രണ്ടഭിപ്രായങ്ങളാണുള്ളത്. പാര്‍ട്ടി ഡല്‍ഹിയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് കെജ്രിവാളിന്റെ നിലപാട്. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്നാണ് യാദവിന്റെ വാദം.

അതേസമയം, ആരോപണങ്ങള്‍ യോഗേന്ദ്ര യാദവ് വിഭാഗം നിരാകരിച്ചു. കേജ്രിവാളിന്റെ തീരുമാനങ്ങളില്‍ ഇടപെട്ടിട്ടില്ലന്ന് യോഗേന്ദ്ര യാദവ് വിഭാഗം വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകളെ യോഗേന്ദ്ര യാദവ് നേരത്തെ തന്നെ തള്ളിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും വിചിത്രവുമാണ്. പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നത് ചിരി ഉണര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ അതൃപ്തിയുടെ വിവരം പുറത്ത് വന്നത്.

തര്‍ക്കം മൂത്തതൊടെ കഴിഞ്ഞ ദിവസം കണ്‍‌വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ കെജ്രിവാള്‍ തയ്യാറായിരുന്നു. എന്നാല്‍, കണ്‍വീനര്‍സ്ഥാനം ഒഴിയരുതെന്ന് ദേശീയ എക്‌സിക്യൂട്ടീവിലെ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷണ് അതൃപ്തിയുണ്ടെന്നാണ് വിവരം. കെജ്രിവാള്‍ മുഖ്യമന്ത്രിയായസ്ഥിതിക്ക് ദേശീയ കണ്‍വീനര്‍സ്ഥാനമൊഴിയണമെന്നാണ് പ്രശാന്ത് ഭൂഷന്റെ നിലപാട്. തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥാപകനേതാവായ ഭരത് ഭൂഷണും ഈ അഭിപ്രായമുന്നയിച്ചിരുന്നു. അതേസമയം പാര്‍ട്ടിയില്‍ രണ്ടുവിഭാഗമില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും മുതിര്‍ന്ന നേതാവ് ആനന്ദ് കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :