ആം ആദ്മി സര്‍ക്കാര്‍ സവാള കുംഭകോണ കുരുക്കില്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (13:56 IST)
അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സവാള വിതരണത്തിലെ ക്രമക്കേടിന്റെ പേരിലാണ്. വിലക്കയറ്റം തടയാന്‍ കൂടിയ വിലയ്ക്ക് സവാള വാങ്ങി സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

കിലോക്ക് ശരാശരി 40 രൂപവെച്ച് വാങ്ങിയ സവാള 30 രൂപ
നിരക്കില്‍ വില്‍ക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, 18 രൂപ നിരക്കിലാണ് നാഷണല്‍ അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (നാഫെഡ്) മുഖേന സര്‍ക്കാര്‍ ഉള്ളി വാങ്ങിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ സര്‍ക്കാര്‍ വാങ്ങിയ സവാളയില്‍ പകൂതി മാത്രമേ വിതരണം നടത്തിയിരുന്നുള്ളു. ക്ഷാമംമൂലം സവാളവില 100 രൂപയായി ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ ഗോഡൗണുകളില്‍ ഉള്ളി കെട്ടിക്കിടക്കുകയായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍.

മന്ത്രിയുടെ വ്യാജബിരുദവും എം.എല്‍.എമാര്‍ക്കെതിരായ ക്രിമിനല്‍ കേസുകളുംമൂലം നാണംകെട്ട ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സവാള കുംഭകോണകവും. എന്നാല്‍, വിലനിര്‍ണയത്തിലെ തകരാറാണിതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.32.86 രൂപക്കാണ് വാങ്ങിയതെന്നും ഗതാഗത ചെലവുകളടക്കം 40 രൂപ വിലവന്ന സവാള 30 രൂപക്ക് വില്‍ക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അസിം അഹ്മദ് ഖാന്‍ വിശദീകരിച്ചു. അതേസമയം ഡല്‍ഹി സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :