ജനപ്രിയ വാഗ്ദാനങ്ങളുമായി ‌എ‌എപി സര്‍ക്കാരിന്റെ കന്നി ബജറ്റ്

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (15:46 IST)

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ മറന്നിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി എ‌എപി സര്‍കാര്‍ കന്നിബജറ്റ് പ്രഖ്യാപിച്ചു. സാമൂഹിക വിഭാഗങ്ങൾക്കുള്ള പരിഗണനയ്ക്കൊപ്പം വ്യവസായ വിഭാഗത്തെയും കൂട്ടിയിണക്കിയ ബജറ്റായിരുന്നു ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാളിന്റെ എഎപി സർക്കാർ ഇന്നലെ അവതരിപ്പിച്ചത്.
വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) കൂട്ടാതെ പകരം ആഡംബര, വിനോദ നികുതികളാണ് വർധിപ്പിച്ചത്. ഇത് ജനങ്ങളുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതിനു പരിഹാരമായി.

പ്രഷർ കുക്കർ പോലുള്ള അടുക്കള ഉപകരണങ്ങൾ, ഫർണിച്ചറുകൾ, മെഴുകുകൊണ്ടുള്ള ഉപകരണങ്ങൾ തുടങ്ങിയവയ്ക്കു വിലകുറച്ചപ്പോള്‍ കേബിൾ ടിവി/ഡിടിഎച്ച് സേവനങ്ങൾക്ക് മാസംതോറും 40 രൂപ വിനോദനികുതി ഏര്‍പ്പെടുത്തി. ജിം, ക്ലബ്, സ്പാ, മൾട്ടിപ്ലക്സുകളിലെ സിനിമാകാഴ്ച തുടങ്ങിയവയ്ക്കും ചെലവേറും.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം, വൈദ്യുതി എന്നിവയ്ക്കുള്ള ഫണ്ട് വകയിരുത്തൽ വർധിപ്പിച്ചു. കോളജുകൾക്കും ഗ്രാമങ്ങൾക്കും സൗജന്യ വൈ-ഫൈ സംവിധാനത്തിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിലും സ്കൂളുകളിലെ ക്ലാസ്മുറികളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ പ്രവേശിക്കുന്ന മറ്റു സംസ്ഥാനങ്ങളുടെ ഡീസൽ ഉപയോഗിക്കുന്ന ഭാരവണ്ടികൾക്കു പിഴചുമത്താൻ തീരുമാനമായി. നാല്, ആറ്, 10, 14 വീലുള്ള ട്രക്കുകൾക്ക് യഥാക്രമം 500, 750, 1,000, 1,500 എന്നിങ്ങനെയാണ് പിഴ. ടെംപോകൾക്ക് 100 രൂപയും പിഴ ചുമത്തി. കമ്പനികളുടെ സ്വകാര്യ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 25 ശതമാനം വർധിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :