ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (08:14 IST)
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗുരുതരമായ സാമ്പത്തിക ആരോപണം അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും നേരെ ഉയര്‍ന്നിരിക്കുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള സാമ്പത്തിക ആരോപണമാണ് ആം ആദ്മിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് സംശയാസ്പദമായ സംഭാവന സ്വികരിച്ചെന്നാണ് ആരോപണം.
'അവാം' എന്ന സംഘടനയാണ് ആം ആദ്മി പാര്‍ട്ടി സുതാര്യമല്ലാത്ത പണം വാങ്ങിയതായി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. നിലവിലില്ലാത്ത കമ്പനികളില്‍നിന്ന് പണം വാങ്ങിയതായി വ്യാജ കണക്കുണ്ടാക്കിയെന്നും 'അവാം' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. നഷ്ടത്തിലുള്ള നാല് കമ്പനികളില്‍നിന്ന് 50 ലക്ഷം രൂപ വീതം സംഭാവന സ്വീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് രാത്രി 12 മണിക്കാണ് സംഭാവന സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ആം ആദ്മിക്കെതിരെ രൂക്ഷമായ ആക്രമണവുമായി ബിജെപി രംഗത്തെത്തി. കെജ്രിവാളിന്റെയും എ.എ.പി.യുടെയും തനിനിറം പുറത്തായെന്ന് പരിഹസിച്ച ബിജെപി അര്‍ധാരാത്രിയില്‍ നടന്ന ഹവാല ഇടപാടാണ് ഇതെന്ന് ആരോപിച്ചു. വിദേശ കമ്പനികളില്‍നിന്ന് അവര്‍ സംഭാവന സ്വീകരിച്ചിട്ടുണ്ട്. വിദേശകമ്പനികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നെന്നത് ഗുരുതരമായ വിഷയമാണെന്നും എഎപി നിയമം പരസ്യമായി ലംഘിച്ചിരിക്കുകയാണെന്നും കേന്ദ്ര വൈദ്യുതി മന്ത്രിയും ബിജെപി നേതാവുമായ പിയുഷ് ഗോയല്‍ പറഞ്ഞു.
സംഭവത്തേപറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ തനിക്കും പാര്‍ട്ടിക്കുമെതിരെയുള്ള ഗൂഢാലോചനയാണിതെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ആം ആദ്മിയില്‍ നിന്ന് ശക്തമായ പോരാട്ടം നേരിടുന്ന ബിജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ ആയുധമാണ് ഈ റിപ്പോര്‍ട്ട്. ഇതിനെ പ്രചരണത്തില്‍ ആയുയുധമാക്കാനാണ് ബിജെപിയുടെ നീക്കം.