അഭിറാം മനോഹർ|
Last Modified ശനി, 23 നവംബര്‍ 2024 (16:09 IST)
പുതിയ ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് യുഐഡിഎഐ. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേട് പോലും ഇനി അംഗീകരിക്കില്ല. തിരുത്തലുകള്‍ നടത്തുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.
ആധാറിലെ പേരിലെ ചെറിയ തിരുത്തലിന് പോലും ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമാകും.പേരിലെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഇത് ബാധകമാണ്. ഇതിനൊപ്പം പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്എസ്എല്‍സി ബുക്ക്. പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേര് തിരുത്തുന്നതിന് പരമാവധി 2 അവസരള്‍ മാത്രമെ നല്‍കുകയുള്ളു.
ജനനതീയതി ഒരു തവണ മാത്രമെ തിരുത്തുവാന്‍ സാധിക്കുകയുള്ളു. 18 വയസ്സുവരെയുള്ളവരുടെ ജനനതീയതി തിരുത്താന്‍ അതാത് സംസ്ഥാനത്തെ അംഗീകൃത അധികാരികള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റ് മാത്രമെ പരിഗണിക്കു. 18 വയസിന് മുകളിലുള്ളവര്‍ക്ക് എസ്എസ്എല്‍സി ബുക്ക് ജനനതീയതിയുടെ തെളിവായി യ്പയോഗിക്കാം. അതിനായി കവര്‍ പേജ്, വിലാസമുളള പേജ്, ബോര്‍ഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാര്‍ക്ക് ഷീറ്റ് എന്നിവ നല്‍കണം.