ബീഹാറില്‍ എംഎല്‍എയെ ഒരു സ്കൂള്‍ അധ്യാപിക കുത്തിക്കൊന്നു. ബിജെപി എംഎല്‍എയായ രാജ് കിഷോര്‍ കേസരിക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. ഈ അധ്യാപിക കേസരി തന്നെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബീഹാറില്‍ നിലവിലുള്ള നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന് ധരിച്ച് ഈ അധ്യാപിക നിയമം കയ്യിലെടുക്കുകയായിരുന്നു.
പൂര്‍ണിയാവില്‍ ഒരു സ്കൂള്‍ നടത്തി വരികയായിരുന്നു പൂനം ഭഗത്. ഈ സ്കൂളില്‍ പൂനം പഠിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ബിജെപി എംഎല്‍എയായ രാജ് കിഷോര്‍ കേസരി തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് പൂനം പൊലീസില്‍ ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍, എംഎല്‍എയ്ക്ക് ഉന്നതങ്ങളില്‍ നല്ല സ്വാധീനം ഉള്ളതിനാല്‍ പൊലീസ് ഈ പരാതിയില്‍ നടപടിയൊന്നും എടുത്തില്ല. പരാതി പിന്‍വലിപ്പിക്കാനായി എംഎല്‍എയുടെ അനുയായികള്‍ പൂനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പൂനം പ്രതികാരത്തിന് ഇറങ്ങിത്തിരിച്ചത്. ഒരു സന്ദര്‍ശക എന്ന വ്യാജേനെയാണ് ചൊവ്വാഴ്ച കാലത്ത് എംഎല്‍എയുടെ വീട്ടില്‍ പൂനം എത്തിയത്. തനിക്ക് എംഎല്‍എയെ കണ്ട് ഒരു പരാതി ബോധിപ്പിക്കാന്‍ ഉണ്ടെന്ന് അനുയായികളോട് പൂനം പറഞ്ഞു. രാജ് കിഷോര്‍ കേസരിക്ക് അടുത്തെത്തിയ പൂനം മറച്ചുവച്ചിരുന്ന കത്തിയെടുത്ത് കേസരിയുടെ വയറ്റില്‍ ആഞ്ഞുകുത്തുകയായിരുന്നു.
സംഭവം കണ്ട അനുയായികള്‍ പാഞ്ഞെത്തി എംഎല്‍എയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വഴിയില്‍ വച്ചുതന്നെ കേസരി അന്ത്യശ്വാസം വലിച്ചു. നേതാവിനെ കുത്തിയ പൂനത്തെ കേസരിയുടെ അനുയായികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ കാഠിന്യം കൊണ്ട് ബോധം മറഞ്ഞ നിലയില്‍ പൂനമിപ്പോള്‍ ആശുപത്രിയിലാണ്. ഗുരുതരാവസ്ഥയിലാണ് പൂനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെ കുറിച്ച് അറിഞ്ഞ ബീഹാര്‍ മുഖ്യമന്ത്രി നീതിഷ് കുമാര്‍ ഉടനടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ സുശീല്‍ കുമാര്‍ മോഡിയും സംഭവത്തെ പറ്റി അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.