പ്രയാഗ്‌രാജ്|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (20:46 IST)
പ്രയാഗ്‌രാജ്: നാനൂറ്റി അൻപത് രൂപ മാസശമ്പളത്തിൽ ഒരാളെകൊണ്ട് ജോലി ചെയ്യിക്കുന്നത് അടിമപ്പണിയാണെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശത്തിന്റെ ലംഘനമാണിതെന്ന് കോടതി ചൂണ്ടികാട്ടി.
2001 മുതൽ ജോലി ചെയ്യുന്ന തനിക്ക് മാസശമ്പളമായി ഇപ്പോഴും 450 രൂപയാണ് നൽകുന്നതെന്ന് ചൂണ്ടികാട്ടി പ്രയാഗ്‌രാജ് ഐ ഹോസ്‌പിറ്റലിലെ ക്ലാസ് ഫോർ ജീവനക്കാരനായ തുഫൈൽ അഹമ്മദ് അൻസാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എല്ലാ തരം ചൂഷണത്തിൽ നിന്നും ഭരണഘടനയുടെ 23ആം അനുഛേദം സംരക്ഷണം നൽകുന്നതായി കോടതി ചൂണ്ടികാട്ടി.
നിയമന തീയ്യതി മുതൽ ഇതുവരെയുള്ള കാലാവധി കണക്കാക്കി അൻസാരിക്ക് നിയമപ്രകാരമുള്ള മിനിമം വേതനം നൽകാൻ കോടതി ഉത്തരവിട്ടു. 2001 ഡിസംബർ 31ന് മുൻപ് ജോലിക്ക് കയറിയതിനാൽ 2016ലെ നിയമപ്രകാരം അൻസാരിക്ക് സ്ഥിരനിയമനത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. നാലുമാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി അധികൃതർക്ക് റിപ്പോർട്ട് നൽകി.