ബരാമുള്ള ജില്ലയില്‍ സൈന്യവും പൊലീസും ചേര്‍ന്ന് സംയുക്തപരിശോധന; ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേരെ അറസ്റ്റ് ചെയ്തു

ബരാമുള്ളയില്‍ നടത്തിയ പരിശോധനയില്‍ 44 പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (08:31 IST)
ജമ്മു കശ്‌മീരിലെ ജില്ലയില്‍ സൈന്യവും പൊലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 44 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ ഭീകരരുടെ നിരവധി ഒളിത്താവളങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

ഒളിത്താവളങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൂടാതെ പാകിസ്ഥാന്റെയും ചൈനയുടെയും പതാകകളും കണ്ടെത്തി. അതേസമയം ഇത് ആദ്യമായാണ് ഭീകരരില്‍ നിന്ന് ചൈനീസ് പതാകകള്‍ ലഭിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് 700 ഓളം വീടുകളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് ഭീകരബന്ധം സംശയിക്കുന്നവര്‍ അറസ്റ്റിലായത്.

പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പെട്രോള്‍ ബോംബുകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്‌ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍ പാഡുകള്‍ എന്നിവയാണ് ഭീകരരുടെ ഒളിത്താവളങ്ങളില്‍ നിന്ന് കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :