ന്യൂഡൽഹി|
VISHNU N L|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (16:49 IST)
രാജ്യത്തെ പിടിച്ചുകുലുക്കിയ വിവാദമായ 2ജി സ്പെക്ട്രം കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി. കേസില്‍
മുൻ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷിനെയും മൂന്ന് ടെലികോം കമ്പനികളെയും പ്രത്യേക വിചാരണ കോടതി കുറ്റവിമുക്തരാക്കി. ഹച്ചിസണ്‍ മാക്സ്, സ്റ്റെര്‍ലിങ് സെല്ലുലാര്‍, ഭാരതി സെല്ലുലാര്‍ എന്നീ കമ്പനികളെയാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്.
ക്രമവിരുദ്ധമായി സ്പെക്ട്രം ബാന്‍ഡ് അധികമായി അനുവദിച്ചതിലൂടെ പെതുഖജനാവിന് 846.44 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച
സിബിഐ യഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വീഴ്ച്ചവരുത്തിയവർക്കെതിരെ അന്വേഷണം നടത്തണമെന്ന് സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടു.
ജഡ്ജി ഒപി സൈനിയാണ് കേസ് പരിഗണിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ സിബിഐ വളച്ചൊടിച്ചു എന്ന പരാമര്‍ശം കേസില്‍ സിബിഐക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. കേസിലെ പല പ്രതികളും ഇത് ഉന്നയിച്ചേക്കാമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 2ജി സ്പെക്ട്രം ഇടപാട് നടന്നതെങ്കിലും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് പുറത്തുവന്നത്. ഇതേ തുടര്‍ന്ന് 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു.