2007ന് ശേഷം കുട്ടികള്‍ സ്കൂളില്‍ പോകുന്നില്ല!

മുംബൈ| WEBDUNIA|
PTI
അറിവാണ് ഏറ്റവും വലിയ ആയുധമെന്നാണ് ആധുനീക സമൂഹത്തിന്റെ അടിയുറച്ച ധാരണ. എന്നാല്‍ ഈ ധാരണയെ അപ്പാടെ തകിടം മറിക്കുന്നതാണ് അടിത്തിടെ പുറത്ത് വന്ന ചില കണക്കുകള്‍. 2007ന് ശേഷം രാജ്യത്ത് സ്കൂളില്‍ പോകുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

വിദ്യഭ്യാസത്തിനുള്ള അവകാശം കേന്ദ്ര സര്‍ക്കാര്‍ മൌലിക അവകാശമാക്കിയതിന് ശേഷമാണ് ഈ അവസ്ഥ സംജാതമായതെന്നാണ് ഏറ്റവും രസകരം. രാജ്യത്ത് ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലേക്ക് 2008-09 വര്‍ഷവും 2009-10 വര്‍ഷവും പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ 2.6 ദശലക്ഷം കുറവുണ്ടായതായാണ് മനുഷ്യ വിഭവശേഷി വികസന വകുപ്പ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വിളിച്ച് പറയുന്നത്.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു ദശലക്ഷം കുട്ടികളുടെ കുറവാണ് ഇവിടങ്ങളിലെ വിദ്യാലയങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 2007-08ല്‍ തുടങ്ങിയ, കുട്ടികള്‍ സ്കൂളില്‍ ചേരുന്നത് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാസം 2009-10 ആയപ്പോഴേക്കും വളരെയേറെ കൂടി.

തുടര്‍ച്ചയായി ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകള്‍ അവഗണിച്ചു കൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാര്‍ അവസാനം ഉറക്കമുണര്‍ന്നിരിക്കുകയാണ്. സ്കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ എന്തുകൊണ്ട് കുറവുണ്ടാ‍കുന്നു എന്നതിനെക്കുറിച്ച് കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലടക്കം രാജ്യത്തെ ഭൂരിഭാഗം വലിയ സംസ്ഥാനങ്ങളിലും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാ‍സ്സുകളിലേക്ക് ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. അസം മാത്രമാണ് ഇതിന് ഒരപവാദമായി നിലകൊള്ളുന്നത്.

ജനസംഖ്യാപരമായി കുറവുകളുണ്ടാകുന്നതുകൊണ്ടാണ് സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്ന് ഒരു തരത്തിലും കരുതാന്‍ സാധിക്കില്ലെന്നാണ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് പ്ലാനിംഗ് ആന്‍ഡ് അഡ്മിനിസ്ട്രേഷ്ന്റെ വൈസ് ചാന്‍സലര്‍ ആര്‍ ഗോവിന്ദയുടെ അഭിപ്രായം.

‘‘ഉത്തര്‍പ്രദേശിലെ കാര്യം തന്നെയെടുക്കാം. അവിടെ ഏഴോ എട്ടോ ജില്ലകളില്‍ മാത്രമാണ് പുതുതായി ചേര്‍ക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിരിക്കുന്നത്. അവിടത്തെ സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവര്‍ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.’’- ഗോവിന്ദ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനന നിരക്കുകളില്‍ യാതൊരു വിധത്തിലുള്ള കുറവും ഉണ്ടായിട്ടില്ല. എന്നിട്ടും ഇവിടങ്ങളില്‍ സ്കൂളുകളില്‍ ചേര്‍ക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് വിദഗ്ധര്‍ ഭീതിയോടെയാണ് കാണുന്നത്. ജനസംഖ്യാ ആസൂത്രകര്‍ ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ ജനന നിരക്ക് കുറയുമെന്ന് പ്രവചിച്ചെങ്കിലും അതിന് ആനുപാതികമല്ലാത്ത വിധത്തില്‍ ഭീകരമായ തോതില്‍ പ്രൈമറി സ്കൂളില്‍ ചേര്‍ക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നതും ആശങ്കാജനകമാണെന്ന് വിലയിരുത്തപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :