വാതക പൈപ്പ്‌ലൈനില്‍ തീപിടുത്തം: മരണസംഖ്യ പതിനഞ്ചായി

ഹൈദരാബാബാദ്| Last Modified വെള്ളി, 27 ജൂണ്‍ 2014 (11:11 IST)
ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍)​യുടെ വാതക പൈപ്പ്‌ലൈനിലുണ്ടായ തീപിടുത്തത്തില്‍ മരണം പതിനഞ്ചായി. ആന്ധ്രാപ്രദേശിലെ നാഗാറാമിലായിരുന്നു സ്‌ഫോടനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 14 പേര്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്‌.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ നാഗരം വില്ലേജിലെ പ്ളാന്റിലാണ് പുലര്‍ച്ചെ 5.30ന് തീപിടുത്തം ഉണ്ടായത്. പൈപ്പ് ലൈനില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ തീ പടരുകയായിരുന്നു. പൈപ്പ്‌ ലൈനില്‍ നിന്ന് പ്രദേശത്തു തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന്‌ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രദേശവാസികളെ നീക്കം ചെയ്‌തു. ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രകൃതിവാതക വിതരണ കന്പനിയാണ് ഗെയ്‌ല്‍‍.

സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. 250 മീറ്റര്‍ ദൂരത്തില്‍ വരെ തീ വ്യാപിച്ചതായിട്ടാണ് ഗ്രാമവാസികള്‍ പറഞ്ഞത്. ഏതാനും വീടുകളും കടകളും കത്തിനശിച്ചു. പ്രദേശവാസികളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. 20 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദില്‍നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

ഒ എന്‍ ജി സി റിഫൈനറിക്ക് സമീപത്തുകൂടി കടന്നുപോകുന്ന 18 ഇഞ്ച് പൈപ്പ് ലൈനിലാണ് തീപ്പിടിത്തം ഉണ്ടായതെന്ന് ഗെയില്‍ ചെയര്‍മാന്‍ ബി സി തൃപാഠി മാധ്യമങ്ങളോട് പറഞ്ഞു.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :