ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്‌മൂലം അസത്യമാണോ? ഗുജറാത്ത് കലാപ സമയത്ത് മോഡി മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പറയുന്ന യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലായിരുന്നു എന്ന് മുന്‍ ഗുജറാത്ത് ഡിജിപി കെ ചക്രവര്‍ത്തി വെളിപ്പെടുത്തി.
2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ ഭട്ട് പങ്കെടുത്തിട്ടില്ലായിരുന്നു. ഇക്കാര്യം താന്‍ കലാപത്തെ കുറിച്ച് അന്വേഷണം നടത്തുന്ന എസ്‌ഐടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയും എസ്‌ഐടിയുമാണ് എന്നും ചക്രവര്‍ത്തി ഒരു മാധ്യമത്തിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, കലാപ സമയത്ത് രഹസ്യാന്വേഷണ ഡിസിപി ആയിരുന്ന താന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒപ്പം ഉന്നതതല യോഗത്തില്‍ പങ്കെടുത്തു എന്നാണ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നത്. യോഗത്തില്‍ വച്ച് മോഡി ഹിന്ദുക്കളോട് മൃദുസമീപനം കാണിക്കണമെന്നും മുസ്ലീങ്ങള്‍ ഒരു പാഠം പഠിക്കട്ടെ എന്നും അഭിപ്രായപ്പെട്ടതായും ഭട്ട് ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അവര്‍ ആ വഴിക്ക് അന്വേഷണം നടത്തിയില്ല. ഈ വെളിപ്പെടുത്തലോടെ തന്റെ ജീവന്‍ അപകടത്തിലായേക്കുമെന്നും ഭട്ട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.