ബി ടി വഴുതന തല്‍ക്കാലം വേണ്ട: കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിട. ജനിതകമാറ്റം വരുത്തിയ വഴുതന തല്‍ക്കാലം ഇന്ത്യയില്‍ അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യമെങ്ങുനിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായതിനാലാണ് ‘ബി ടി വഴുതന’ അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം താല്‍ക്കാലികം മാത്രമാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ബി ടി വഴുതനയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അന്തിമതീരുമാനം അതിന് ശേഷം ഉണ്ടാകുമെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

കഴിഞ്ഞ കുറേക്കാലമായി ബി ടി വഴുതനയുടെ ആഗമനത്തെക്കുറിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജയ്‌റാം രമേശ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു വരികയായിരുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ജനിതകമാറ്റം വരുത്തിയ വഴുതനയെ ശക്തമായി എതിര്‍ത്തു. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും ‘ബി ടി വഴുതന’യെ അനുകൂലിക്കുന്നവര്‍ക്ക് രൂക്ഷമായ കര്‍ഷകരോഷത്തെ നേരിടേണ്ടി വന്നു.

‘ഇന്ത്യയുടെ ഭക്‍ഷ്യ സ്വാതന്ത്ര്യം അടിയറ വയ്ക്കാതെ രക്ഷപെട്ടു’ എന്നാണ് അനുവദിക്കേണ്ടതില്ല എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് ജനകീയ ആരോഗ്യവിദഗ്ധര്‍ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :