പിജെ തോമസിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി| ഗായത്രി ശര്‍മ്മ|
PRO
പിജെ തോമസിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി തിങ്കളാഴ്ച നോട്ടീസ് നല്‍കി. തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) ആയി നിയമിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി നോട്ടീസ് നല്‍കിയത്.

ചീഫ് ജസ്റ്റിസ് എസ് ‌എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അന്തിമ വാദം ജനുവരി 27 ന് ആയിരിക്കുമെന്നും കോടതി പറഞ്ഞു. ഇതോടെ, പിജെ തോമസിന് അഭിഭാഷകനെ നിയോഗിക്കുന്നതിനും സ്വന്തം നിലപാട് വിശദീകരിക്കുന്നതിനുമുള്ള അവസരമാണ് കൈവന്നത്.

കേരളത്തില്‍ ഭക്‍ഷ്യ സിവില്‍ സപ്ലെസ് സെക്രട്ടറി ആയിരിക്കെ പാമോലിന്‍ കേസില്‍ ഉള്‍പ്പെട്ട തോമസിനെ സിവിസി ആയി നിയമിച്ചതിനെ നവംബര്‍ 22 ന് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ടെലികോം സെക്രട്ടറിയായിരുന്ന തോമസിനെ സെപ്തംബര്‍ ഏഴിനാണ് പ്രധാനമന്ത്രി സിവിസി ആയി നിയമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയും തോമസിനെതിരെ കോടതി ശക്തമായ പരാമര്‍ശം ഉയര്‍ത്തിയിരുന്നു. 2ജി സ്പെക്ട്രം കേസില്‍ സിബിഐയുടെ അന്വേഷണത്തിന് മേല്‍‌നോട്ടം വഹിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് 2ജി കേസില്‍ സിബിഐയുടെ അന്വേഷണത്തിന് മേല്‍‌നോട്ടം വഹിക്കുന്നതില്‍ നിന്ന് തോമസ് പിന്‍‌മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :