തമിഴ്നാട് പരിസ്ഥിതി മന്ത്രി മരിയം പിച്ചൈയുടെ മരണത്തിനു കാരണമായ അപകടത്തില്‍ മന്ത്രിയുടെ കാര്‍ ഇടിച്ചു തകര്‍ത്ത ലോറി പശ്ചിമ ബംഗാളില്‍ പിടികൂടി. കാഡഗപൂരില്‍ വച്ച് കൊല്‍ക്കത്ത പൊലീസാണ് ലോറി പിടികൂടിയത്.
ലോറി ഡ്രൈവര്‍ റഹ്മത്തുള്ളയെ ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്ന് തമിഴ്നാട് സിബിസിഐഡി സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലോറി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി എന്ന് അന്വേഷണ സംഘത്തിന് മനസ്സിലാക്കാന്‍ സാധിച്ചത്. തൂത്തുക്കുടിയില്‍ നിന്ന് ജിപ്സം കയറ്റി വന്ന കണ്ടെയ്നര്‍ ആന്ധ്രയില്‍ ലോഡിറക്കിയ ശേഷം മറ്റൊരു ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. ആന്ധ്രപ്രദേശ് രജിസ്ട്രേഷനാണ് ലോരിക്കുള്ളത്.
മെയ് 23 ന് തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയില്‍ വച്ചായിരുന്നു മരിയം പിച്ചൈയുടെ വാഹനം ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന് കുറെ ദൂരം പിന്നിട്ടപ്പോള്‍ ലോറി നിര്‍ത്തി പരിശോധിച്ചിരുന്നു എന്നും അപകടം സാരമുള്ളതായി തോന്നിയില്ല എന്നുമാണ് ഡ്രൈവര്‍ പറയുന്നത്.
ലോറിയുടെ നമ്പര്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. ചെക്ക് പോസ്റ്റുകളിലെ സിസി ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്നാണ് അപകടമുണ്ടാക്കിയ ലോറി പിടികൂടാന്‍ സാധിച്ചത്. എണ്ണൂറോളം വാഹനങ്ങള്‍ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഇതിനിടെ, മരിയം പിച്ചൈയുടെ സഹയാത്രികരെയും ഡ്രൈവര്‍ ആനന്ദിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകടം നടക്കുന്ന സമയത്ത് കാര്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു എന്നാണ് ആനന്ദ് നല്‍കിയിരിക്കുന്ന മൊഴി.