ലഹരിപാനീയം കുടിച്ച് നിത്യാനന്ദയും മഠാധിപതിയും വൈഷ്ണവിയും മധുരയിലെ അധീന മഠത്തില്‍ ആഭാസനൃത്തമാടിയെന്ന് ഹിന്ദു മക്കള്‍ കക്ഷിയിലെ സോലൈക്കണ്ണന് എന്നയാള്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ സത്യമുണ്ടെന്നും നിത്യാനന്ദയ്ക്കും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ തനിക്കത് ചെയ്യേണ്ടി വരുമെന്നും ജഡ്ജി. കേസിന്റെ വിചാരണ നടക്കുന്ന മധുര ഹൈക്കോടതിയിലാണ് ജഡ്ജി സെല്‍വം ഇങ്ങനെ പറഞ്ഞത്.
“മധുരയിലെ അധീന മഠത്തിലേക്ക് ഞാന്‍ പോയത് എന്നെ ക്ഷണിച്ചതിനാലാണ്. എത്തിയവര്‍ക്കെല്ലാം അവിടെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം വിതരണം ചെയ്തു. പുലിത്തോലിലാണ് മഠാധിപതിയും നിത്യാനന്ദയും ഇരുന്നത്. ആനക്കൊമ്പുകളും അവിടെ ഞാന്‍ കണ്ടു.”
“അല്പസമയം ഇരുന്നതിന് ശേഷം നിത്യാനന്ദയും മഠാധിപതിയും വൈഷ്ണവിയും എണീറ്റ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ‘ആനന്ദനടനം’ ആണിതെന്നാണ് വിശദീകരണം ലഭിച്ചത്. ഇങ്ങനെ ആഭാസനൃത്തം ആടുക വഴി മഠത്തിന്റെ പരിശുദ്ധി കളങ്കപ്പെട്ടിരിക്കുകയാണ്.”
“ഇതിനെപ്പറ്റി ഞാന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അവര്‍ കേസെടുക്കാന്‍ തയ്യാറായില്ല. ദയവായി, നിത്യാനന്ദയെയും കൂട്ടാളികളെയും അറസ്റ്റുചെയ്യാന്‍ ബഹുമാനപ്പെട്ട കോടതി പൊലീസിന് ഉത്തരവിടണം” - എന്നാണ് കോടതിയില്‍ സോലൈക്കണ്ണന് സമര്‍പ്പിച്ച പരാതിയില്‍ ഉണ്ടായിരുന്നത്.
ഇതിന്റെ വിചാരണയാണ് വെള്ളിയാഴ്ച നടക്കുന്നത്. മഠാധിപതിയോടും നിത്യാനന്ദയോടും വൈഷ്ണവിയോടും ഹാജരാകാന്‍ ഉത്തരവ് ഇട്ടിട്ടുണ്ടെങ്കിലും മഠാധിപതി ഉത്തരവ് ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. നിത്യാനന്ദയും വൈഷ്ണവിയും ഉത്തരവ് ഏറ്റുവാങ്ങിയിരുന്നുവെങ്കിലും ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഈ സാഹചര്യത്തിലാണ് ജഡ്ജി പൊലീസിന് താക്കീത് നല്‍കിയിരിക്കുന്നത്.