ദാവൂദ് ലിസ്റ്റിലുണ്ട്, ഛോട്ടാ രാജനില്ല!

മുംബൈ| WEBDUNIA|
പിടികിട്ടാപ്പുള്ളികളുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച സി‌ബി‌ഐക്ക് വീണ്ടും വിമര്‍ശനം. കഴിഞ്ഞ തവണ പാകിസ്ഥാന് ഇന്ത്യ കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ രിച്ചവരും ജയിലില്‍ കഴിയുന്നവരും സ്വവസതികളില്‍ പാര്‍ക്കുന്നവരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ ലിസ്റ്റ് സി‌ബി‌ഐ തയ്യാറാക്കിയത്. എന്നാല്‍ അധോലോക രാജാക്കന്മാരായ ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍ തുടങ്ങിയവരുടെ പേരുകള്‍ ഈ ലിസ്റ്റിലില്ല. ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും അടക്കമുള്ള മറ്റ് അധോലോക രാജാക്കന്മാരുടെ പേരുകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.

സി‌ബി‌ഐ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ലിസ്റ്റ് അപൂര്‍ണമെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന പരാതി. അധോലോക രാജാക്കന്മാരായ ഛോട്ടാ രാജന്‍, ഛോട്ടാ ഷക്കീല്‍ എന്നിവര്‍ക്ക് പുറമെ ഇഖ്‌ബാല്‍ മിര്‍ച്ചി, ഛോട്ടാ ഷക്കീല്‍, ഹേമന്ദ് പൂജാരി, രവി പൂജാരി, ഇജാസ് ലഖ്ഡാവാല എന്നിവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കുമെതിരേ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.

ബോംബെ സ്ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം തന്നെയാണു ലിസ്റ്റിലെ പ്രമുഖന്‍. കൂട്ടുപ്രതി ടൈഗര്‍മേമനാണു മറ്റൊരാള്‍. കൈയെത്തും ദൂരത്തുള്ള ക്രിമിനലുകളെ ഒഴിവാക്കുകയും പലവട്ടം ശ്രമിച്ചിട്ടും പിടികിട്ടാത്ത ദാവൂദിനെ പോലുള്ളവരെ ഉള്‍പ്പെടുത്തുകയും ചെയ്തതില്‍ സിബിഐയുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഛോട്ടാ രാജനെപ്പോലുള്ളവര്‍ ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിനാലാ‍ണ് ഒഴിവാക്കപ്പെട്ടതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :