തമിഴകത്തിൻറെ അമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ

ജയലളിത ഇനി ജ്വലിക്കുന്ന ഓർമ്മ

Jayalalitha, Mareena, MGR, Sasikala, Paneerselvam, Amma, Chennai, Tamilnadu, ജയലളിത, മറീന, എം ജി ആർ, ശശികല, പനീർസെൽവം, അമ്മ, ചെന്നൈ, തമിഴ്‌നാട്
Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2016 (18:07 IST)
തമിഴകത്തിൻറെ ശെൽവി ഇനി ജ്വലിക്കുന്ന ഓർമ്മ. തമിഴ്‌നാടിൻറെ എക്കാലത്തെയും വീരവനിതയുടെ ഭൗതികശരീരം ബീച്ചിൽ എംജിആർ സ്മാരകത്തിന് സമീപം എല്ലാ ഔദ്യോഗിക ബഹുമതികളോടെയും സംസ്‌കരിച്ചു. രാജ്യത്തിൻറെ പൂർണ ആദരവ് ഏറ്റുവാങ്ങിയാണ് ജയലളിത ലോകത്തോട് വിടപറഞ്ഞത്.

രാജാജി അരങ്കത്തിൽ ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയതിന് ശേഷമാണ് ജയലളിതയുടെ മൃതദേഹം അന്ത്യയാത്രയ്ക്കായി മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗവർണർ പി സദാശിവം, ഗുലാം നബി ആസാദ്, നവീൻ പട്‌നായിക്, രജനികാന്ത്, ഖുശ്ബു, വൈരമുത്തു തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച സമയം മുതൽ ഭൗതികശരീരത്തിന് തൊട്ടടുത്തുനിന്ന് അൽപ്പം പോലും മാറാതെ ഉറ്റതോഴി നിൽക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി ഒ പനീർസെൽവവും വിങ്ങുന്ന മനസുമായി അവിടെത്തന്നെ ഉണ്ടായിരുന്നു.

ലക്ഷക്കണക്കിന് ജനങ്ങൾ പൊതുദർശന ചടങ്ങിൽ എത്തിയതിനാൽ പലപ്പോഴും ചെറിയ ചെറിയ സംഘർഷങ്ങൾ രൂപപ്പെട്ടിരുന്നു. എങ്കിലും എല്ലാവരും സംയമനം പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. വൻ സുരക്ഷാ സംവിധാനങ്ങളാണ് രാജാജി ഹാളിലും മറീന ബീച്ചിൽ ഭൗതികശരീരം സംസ്കരിക്കുന്ന സ്ഥലത്തും ഏർപ്പെടുത്തിയിരുന്നത്.

രാജാജി ഹാളിൽ നിന്ന് നാലരയോടെയാണ് മറീന ബീച്ചിലെ സ്മാരകത്തിന് അടുത്തുള്ള സംസ്കാര സ്ഥലത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചത്. അന്ത്യയാത്രയിൽ ജയലളിതയുടേ ഭൗതികശരീരത്തിന് തൊട്ടടുത്തുതന്നെ പനീർസെ‌ൽവവും ശശികലയുമുണ്ടായിരുന്നു. വിലാപയാത്രയിൽ ലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്തു. കിലോമീറ്ററുകളോളമുള്ള വിലാപയാത്രയിൽ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞു.

ഇതുപോലെ ജനസമുദ്രത്തിൻറെ പങ്കാളിത്തമുള്ള ഒരു വിലാപയാത്രയ്ക്കോ സംസ്കാരച്ചടങ്ങിനോ ഇന്ത്യ അധികം സാക്‌ഷ്യം വഹിച്ചിട്ടില്ല. പൊലീസിൻറെയും സൈന്യത്തിൻറെ എല്ലാ വിഭാഗങ്ങളുടെയും
നേതൃത്വത്തിലായിരുന്നു സുരക്ഷാസംവിധാനങ്ങൾ.

ശശികലയാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ശേഷം ജയലളിതയുടെ മൃതദേഹം ചന്ദനപ്പെട്ടിയിലടക്കി സംസ്കരിച്ചു. തമിഴ്നാടിൻറെ സ്വന്തം പുരട്‌ചി തലൈവി ഇനി ജനമനസുകളിൽ ജീവിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :