സാമ്പത്തിക ക്രമേക്കേടിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 58 രാജ്യസഭാംഗങ്ങള്‍ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയ്ക്ക് പരാതി നല്കി.
ബിജെപി, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, ടിഡിപി, ജനതാദള്‍ എന്നീ പാര്‍ട്ടികളിലെ 58 അംഗങ്ങളാണ് ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
ഇംപീച്ച്മെന്റിന്റെ ആദ്യപടി എന്ന നിലയിലാണ് രാജ്യസഭാ അധ്യക്ഷന്‍ പരാതി നല്‍കിയിരിക്കുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സെന്നിനെ ഇംപീച്ച് ചെയ്യണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.
ചീഫ് ജസ്റ്റിസ് നിയമിച്ച മൂന്നംഗ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും സെന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യയും തമ്മിലുള്ള ഒരു നിയമതര്‍ക്കത്തില്‍ റിസീവറായി നിയമിതനായ സെന്‍, നഷ്ടപരിഹാരമായി ലഭിച്ച 32 ലക്ഷം രൂപ തന്റെ വ്യക്തിഗത അക്കൌണ്ടില്‍ നിക്ഷേപിച്ചുവെന്നാണ് ആരോപണം.