ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 23 നവംബര്‍ 2010 (11:05 IST)
2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ പെട്ട് രാജിവച്ച ഡിഎംകെ മന്ത്രി എ രാജയുടെ സ്വത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയുണ്ടായി. രാജയുടെ വരുമാനത്തിലും നിക്ഷേപത്തിലുമുണ്ടായ കുതിച്ചുചാട്ടം എസ് സി അഗര്‍വാള്‍ എന്നയാള്‍ നല്‍കിയ വിവാരാവകാശ അപേക്ഷയിലൂടെയാണ് വെളിവായത്.
രാജയുടെ വരുമാനത്തില്‍ മാത്രമല്ല നിക്ഷേപങ്ങളിലും 2009-10 വര്‍ഷത്തില്‍ വന്‍ വളര്‍ച്ച ഉണ്ടായി. വ്യക്തിപരമായ വരുമാനം 11.47 ലക്ഷത്തില്‍ നിന്ന് 22.12 ലക്ഷമായി ഉയര്‍ന്നപ്പോള്‍ നിക്ഷേപങ്ങള്‍ 8.52 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി.
കേന്ദ്ര വളം മന്ത്രിയും ഡിഎംകെ സഹയാത്രികനുമായ എംകെ അളഗിരിയുടെ സമ്പാദ്യത്തിലും ഇക്കാലയളവില്‍ വന്‍ വര്‍ദ്ധനയുണ്ടായി. മധുരയില്‍ ഉണ്ടായിരുന്ന മൂന്ന് പ്ലോട്ട് ഭൂമിക്ക് പുറമെ അഞ്ച് പ്ലോട്ടുകള്‍ കൂടി അളഗിരി ഇക്കാലയളവില്‍ സ്വന്തമാക്കി. ഇത്തരത്തില്‍ അളഗിരിക്ക് ഇപ്പോള്‍ 89 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.
വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ സ്വത്താവട്ടെ ഒരു വര്‍ഷംകൊണ്ട് 30 കോടിയില്‍ നിന്ന് 38 കോടിയായി ഉയര്‍ന്നു. മമതാ ബാനര്‍ജിയുടെ 6.7 ലക്ഷം രൂപയുടെ ആസ്തി 10.28 ലക്ഷമായി ഉയര്‍ന്നു.
ഓഹരി നിക്ഷേപങ്ങളുള്ള കേന്ദ്ര മന്ത്രി കമല്‍ നാഥ് ഒരു നാനോ കാര്‍ സ്വന്തമാക്കി. പ്രതിരോധമന്ത്രി എ കെ ആന്റണി ബാങ്ക് ലോണിലൂടെയാണ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഗണ്‍ - ആര്‍ കാര്‍ സ്വന്തമാക്കിയത്.