12 വര്‍ഷമായി നിരാഹാരസമരം തുടരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയ്ക്കെതിരെ ആത്മഹത്യാശ്രമത്തിന് കോടതി കേസെടുത്തു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. തിങ്കളാഴ്ച ഇറോം ഷര്‍മിളയെ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇവര്‍ കുറ്റം സമ്മതിച്ചില്ല.
സായുധസേനയ്ക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നിരാഹാര സമരം നടത്തിയതിനാണ് ഷര്‍മിളയ്ക്കെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 309 (ആത്മഹത്യാശ്രമം) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതിനെതിരെ അവരുടെ അനുയായികള്‍ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു. ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയില്‍ നിന്നാണ് ഷര്‍മിള കോടതിയില്‍ ഹാജരാകാനായി ഡല്‍ഹിയിലെത്തിയത്.
താന്‍ ഒരു മനുഷ്യജീവിയാണ്. സര്‍ക്കാര്‍ പരിഗണിക്കേണ്ടത് ജനങ്ങളുടെ താല്പര്യങ്ങളാണ്. സൈന്യത്തിന്റേതല്ല- ഷര്‍മിള പറഞ്ഞു. “അഹിംസാ മാര്‍ഗത്തിലൂടെയാണ് ഞാന്‍ സമരം ചെയ്യുന്നത്. ഞാന്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. മഹാത്മാഗാന്ധിയുടെ മാര്‍ഗമാണ് ഞാന്‍ പിന്തുടരാന് ശ്രമിക്കുന്നത്. ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു. എനിക്ക് വേണ്ടത് നീതിയും സമാധാനവും മാത്രമാണ്”- ഷര്‍മിള പറഞ്ഞു.
ഷര്‍മിളയ്ക്ക് മേല്‍ ആത്മഹത്യാക്കുറ്റം ചുമത്തിയതായി ജഡ്ജി വായിച്ചപ്പോള്‍ അവര്‍ കണ്ണീരോടെ അത് നിഷേധിക്കുകയായിരുന്നു.
മണിപ്പുരിലെ സായുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്കുന്ന നിയമം എടുത്തു കളയണമെന്നാവശ്യപ്പെട്ടാണ് ഷര്‍മിള നിരാഹാരം കിടക്കുന്നത്. 2000 നവംബര്‍ രണ്ടിനാണ് ഇറോം ഷര്‍മിള നിരാഹാര സമരം തുടങ്ങിയത്. ഇംഫാല്‍ താഴ്വരയില് അസം റൈഫിള്‍സ് 10 പേരെ വെടിവച്ചു കൊന്നതിനെ തുടര്‍ന്നായിരുന്നു സമരം. അന്നുമുതല്‍ അവരുടെ ആരോഗ്യനില വഷളാകുമ്പോഴൊക്കെ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്യുകയാണ് പതിവ്.