അയി ഗിരി നന്ദിനിയുടെ ദൃശ്യാവിഷ്‌കാരവുമായി ഈസ്റ്റ് കോസ്റ്റ്

WEBDUNIA|
PRO
ശതാബ്ദങ്ങള്‍ക്ക് മുന്‍പ് ശങ്കരാചാര്യര്‍ രചിച്ചെന്ന് കരുതപ്പെടുന്ന 'അയി ഗിരി നന്ദിനി..' എന്ന സംസ്‌കൃത ശ്ലോകത്തിന്റെ ദൃശ്യാവിഷ്‌ക്കാരവുമായി ഈസ്റ്റ് കോസ്റ്റ് പരമ്പരാഗത ഹിന്ദു ഭക്തി ഗാനങ്ങളുടെ സമാഹാരം പുറത്തിറക്കുന്നു. ശങ്കരാചാര്യരുടെ അചഞ്ചലമായ ദേവീ ഭക്തിയും ഭാഷാനൈപുണ്യവും കൊണ്ട് സമ്പുഷ്ടമായ ഈ ഈരടികളെ ദൃശ്യാവത്കരിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മ ഈണം പകര്‍ന്ന ഗാനം സിനിമാ പിന്നണി ഗായിക മൃദുലാ വാര്യരാണ് ആലപിച്ചിരിക്കുന്നത്.

21 ശ്ലോകങ്ങള്‍ അടങ്ങുന്നതാണ് ഈ ഗാനം. മഹിഷാസുരന്‍ എന്ന അസുരനെ ദുര്‍ഗാ ദേവി വധിച്ചതിനെ പ്രകീര്‍ത്തിച്ച് എഴുതിയ സ്തോത്രമാണ്. 19 മിനിറ്റ് ദൈര്‍ഘ്യത്തിലാണ് ഇതിന്റെ ദൃശ്യാവിഷ്‌കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനായ അനില്‍ നായരാണ് ഗാനചിത്രീകരണത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും നവമാധ്യമ എഴുത്തുകാരിയുമായ ശ്രീപാര്‍വതിയാണ് ഇതില്‍ പ്രധാനവേഷത്തിലെത്തുന്നത്. ഗാന രംഗങ്ങള്‍ ശ്രീശങ്കരാചാര്യ കോളേജിലെ ക്ലാസിക്കല്‍ ഡാന്‍സ് വിദ്യാര്‍ത്ഥിനിയായ ശ്രീധന്യയുടെ നൃത്തച്ചുവടുകളാലും സമ്പുഷ്ടമാണ്.

'തൊഴുകൈയോടെ' എന്നു പേരിട്ടിരിക്കുന്ന ഈ ഹിന്ദു ഭക്തി ഗാനങ്ങള്‍ ആദ്യ വോളിയം ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിമെന്റ്‌സ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 'അയി ഗിരി നന്ദിനി..' നേരത്തെ ഓഡിയോ രൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ മികച്ചൊരു ദൃശ്യാവിഷ്‌കാരമുണ്ടാകുന്നത് ഇത് ആദ്യമാണ്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ഈ സ്തോത്രത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് സോഷ്യല്‍ മീഡിയകളിലും യൂടുബിലും ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :