എറണാകുളം ജില്ലയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള 13 ബൂത്തുകള്‍

WEBDUNIA| Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (15:32 IST)
PRO
എറണാകുളം ജില്ലയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള 13 ബൂത്തുകള്‍. ഇതില്‍ അഞ്ചെണ്ണത്തിലൊഴികെ ബാക്കിയെല്ലായിടത്തും വോട്ടരമാരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകളാണ്‌. പുരുഷവോട്ടര്‍മാര്‍ എണ്ണത്തില്‍ കൂടുതലുളള അഞ്ചു ബൂത്തുകളും കോതമംഗലം മണ്ഡലത്തിലാണ്‌.

കൊച്ചിയിലെ താത്കാലിക ബൂത്തില്‍ സ്ത്രീപുരുഷ വോട്ടര്‍മാര്‍ എണ്ണത്തില്‍ തുല്യമാണ്‌.
കോതമംഗലം നിയമസഭ മണ്ഡലത്തിലാണ് ദുര്‍ഘട ബൂത്തുകളിലേറെയും‌. എട്ടോളം ദുര്‍ഘട ബൂത്തുകളാണ്‌ ഇവിടെയുളളത്‌. ആലുവയില്‍ രണ്ടു ബൂത്തുകളും പെരുമ്പാവൂര്‍, കൊച്ചി, എറണാകുളം മണ്ഡലങ്ങളില്‍ ഓരോന്നും വീതവുമാണ്‌ ദുര്‍ഘട ബൂത്തുകള്‍.

വെറും 20 വോട്ടര്‍മാര്‍ മാത്രമുളള കൊച്ചി നിയമസഭയിലെ താത്കാലിക ഷെഡിലുളള രണ്ടാം നമ്പര്‍ പോളിംഗ്‌ ബൂത്താണ്‌ ദുര്‍ഘട ബൂത്തുകളില്‍ ഏറ്റവും കുറവ്‌ വോട്ടര്‍മാരുളളത്‌. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു സമീപത്തുളള രാമന്‍തുരുത്തിലെ ഈ ബൂത്തില്‍ എത്തിച്ചേരുക ഇന്നും ദുര്‍ഘടമാണ്‌. 2009 ല്‍ 18 വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തില്‍ അന്ന്‌ 15 പേരാണ്‌ വോട്ടു ചെയ്തത്‌. ജില്ലയില്‍ ഏറ്റവും കുറവ്‌ പോളിംഗ്‌ നടന്ന ബൂത്തും ഇതായിരുന്നു.

കോതമംഗലത്തെ പട്ടികവര്‍ഗ കോളനികളിലുളള എട്ടു പോളിംഗ്‌ ബൂത്തുകളും എത്തിപ്പെടാന്‍ പ്രയാസമേറിയതാണ്‌. ഇതില്‍ മാമലക്കണ്ടം ഗവണ്മെന്റ് യുപി സ്കൂളിലെ നാല്‍പ്പതാം നമ്പര്‍ പോളിംഗ്‌ ബൂത്തിലാണ്‌ കൂടുതല്‍ വോട്ടര്‍മാര്‍. 609 പുരുഷന്മാരും 649 സ്ത്രീകളും ഉള്‍പ്പെടെ 1258 വോട്ടര്‍മാരാണിവിടെയുളളത്‌. താളുകണ്ടം കമ്മ്യൂണിറ്റി ഹാളിലെ ഇരുപത്തിയെട്ടാം നമ്പര്‍ ബൂത്തിലാണ്‌ മണ്ഡലത്തില്‍ ഏറ്റവും കുറവ്‌ വോട്ടുളളത്‌. 55 പുരുഷന്മാരും 40 സ്ത്രീകളും ഉള്‍പ്പെടെ 95 വോട്ടര്‍മാരാണിവിടെ.

എറണാകുളം നിയോജക മണ്ഡലത്തിലെ കൊറുങ്കോട്ടയിലെ അംഗന്‍വാടി കെട്ടിടത്തിലെ പതിനെട്ടാം നമ്പര്‍ പോളിംഗ്‌ ബൂത്താണ്‌ മറ്റൊരു ദുര്‍ഘടബൂത്ത്‌. ബോട്ടില്‍ മാത്രമാണ്‌ ഇവിടേക്കെത്താന്‍ കഴിയുക. 2009 വരെ തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്ന ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലുളള ഈ ബൂത്തില്‍ 269 വോട്ടര്‍മാരാണുളളത്‌.

പെരുമ്പാവൂര്‍ പോങ്ങന്‍ചോട്ടിലെ കമ്മ്യൂണിറ്റി ഹാളിലുളള അമ്പതാം നമ്പര്‍ പോളിംഗ്‌ ബൂത്ത്‌ പട്ടികവര്‍ഗ ആവാസ മേഖലയാണ്‌. ആലുവ മണ്ഡലത്തിലെ തുരുത്തുമ്മേല്‍ കെ.വൈ. ലോവര്‍ പ്രൈമറി സ്കൂളിലെ രണ്ടു ബൂത്തുകളില്‍ എത്താന്‍ നദി മറികടക്കണമെന്നതാണ്‌ അവയെ ദുര്‍ഘട പട്ടികയില പെടുത്തിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :