വൈക്കം മുഹമ്മദ് ബഷീര്‍: ജീവിതരേഖ

സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു

Vaikom Muhammed Basheer
രേണുക വേണു| Last Modified വെള്ളി, 5 ജൂലൈ 2024 (08:31 IST)
Vaikom Muhammed Basheer

വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ ദിനമാണ് ഇന്ന്. കഥകളുടെ സുല്‍ത്താന്‍ മലയാളികളെ വിട്ടുപോയിട്ട് ഇന്നേക്ക് 30 വര്‍ഷമായി. വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ 1908 ജനുവരി 21 നാണ് ബഷീറിന്റെ ജനനം. പിതാവ് : കായി അബ്ദുള്‍ റഹ്‌മാന്‍. അമ്മ : കുഞ്ഞാച്ചുമ്മ.

തലയോലപ്പറമ്പിലുളള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും പഠിച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. കാല്‍നടയായി എറണാകുളത്തു ചെന്ന് കളളവണ്ടി കയറി കോഴിക്കോട്ടെത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു. മര്‍ദ്ദനത്തിരയാവുകയും ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയില്‍ മദിരാശി, കോഴിക്കോട്, കോട്ടയം, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ തടവില്‍ കിടന്നു.

ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് - മോഡല്‍ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയും സംഘടനയുടെ മുഖപത്രമായി 'ഉജ്ജീവനം' എന്നൊരു വാരിക നടത്തുകയും ചെയ്തു. പിന്നീട് വാരിക കണ്ടു കെട്ടി.

പ്രഭ എന്ന തൂലികാനാമത്തില്‍ ഉജ്ജീവനം പ്രകാശനം മുതലായ വാരികകളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു.

പത്തുവര്‍ഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അറേബ്യ, ആഫ്രിക്ക തീരങ്ങളിലും സഞ്ചരിച്ചു. അഞ്ചാറു വര്‍ഷം സന്യസിച്ചു. ഹിന്ദു സന്യാസിമാരുടെയും സൂഫികളായ മുസ്‌ളീം സന്യാസിമാരുടെയും കൂടെ.

കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്‌പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്റെ അസിസ്റ്റന്റ്, പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ - ഹോമിയോപ്പതി, സ്‌പോര്‍ട്‌സ്, ഗുഡ്‌സ് ഏജന്റ്, ബുക്ക് സ്റ്റാള്‍ ഓണര്‍, മൂന്ന് ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ - ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു.

ഭാര്യ ഫാബി ബഷീര്‍. മക്കള്‍ : ഷാഹിന, അനിസ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :