കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍-കാലത്തിന്‍റെ കവിമുഖം

Kunjikuttan Thampuran
WDWD
രാമായണവും ഭാരതവും പുരാണ-
സാമാന്യവും തീര്‍ത്തമഹര്‍ഷിമാരും
ഈ മാന്യമാം കേരളമന്നു മുഖ്യ
പ്രാമാണ്യമോടുണ്ടു പറഞ്ഞിരിപ്പൂ.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ കേരള പ്രതിഷ്ഠ എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍. അറിവിനെ പകര്‍ന്നു കൊടുക്കുക എന്ന പുണ്യമാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച ഏറ്റവും പ്രധാന കര്‍മ്മം. ആ പറഞ്ഞു കൊടുക്കലിന് പല രൂപങ്ങളുണ്ടായിരുന്നു. കവിതയും, കാവ്യങ്ങളും, വിവര്‍ത്തനങ്ങളും, മുക്തകങ്ങളും, നാടകങ്ങളും അങ്ങനെയങ്ങനെ.

കേരളത്തിന് പ്രാമാണ്യമോടെ പറഞ്ഞിരിക്കാന്‍ മഹാഭാരതത്തിന്‍റെ വിവര്‍ത്തനമെഴുതി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 874 ദിവസം കൊണ്ട് നിര്‍വഹിച്ച വിവര്‍ത്തനം 1906 ലാണ് പൂര്‍ത്തിയായത്. തമ്പുരാന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ഈ വിവര്‍ത്തനത്തെ ഏറ്റവും വിസ്മയകരമെന്ന് വിലയിരുത്തുന്നു.

സംസ്കൃതാധിപത്യമില്ലാത്ത മലയാള കാവ്യഭാഷ രൂപപ്പെടുത്താന്‍ യത്നിച്ച വെണ്‍മണി പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ കവിയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 1864 സെപ്റ്റംബര്‍ 18ന് കവി വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്‍റെ മകനായി കൊടുങ്ങല്ലൂര്‍ കോവിലകത്താണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജനിച്ചത്. യഥാര്‍ത്ഥ പേര് രാമവര്‍മ്മ.

സാമ്പ്രദായികമായ രീതിയില്‍ സംസ്കൃതവിദ്യാഭ്യാസം നേടിയ തമ്പുരാന്‍ ദ്രുതകവനത്തില്‍ അദ്വിതീയനായിരുന്നു. കവി, ഗദ്യകാരന്‍, ചരിത്രഗവേഷകന്‍, പത്രാധിപര്‍ തുടങ്ങിയ നിലയില്‍ ആ വ്യക്തിജീവിതം ഏറെ തിളങ്ങി.

11 സംസ്കൃത കൃതികള്‍ രചിച്ചിട്ടുണ്ട് കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. വ്യായോഗങ്ങളും സ്തോത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അലങ്കാര ശാസ്ത്രം, ശബ്ദശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ ജനുസുകളിലായി നിരവധി കൃതികള്‍ തമ്പുരാന്‍റേതായി പുറത്തുവന്നു.

അഞ്ചുകൃതികളുള്ള കൃതിരത്ന പഞ്ചകം, കംസന്‍, കവി ഭാരതം, പാലുള്ളി ചരിതം, മദിരാശിയാത്ര, തുപ്പല്‍ കോളാമ്പി, ദക്ഷയാഗശതകം തുടങ്ങിയവയാണ് തമ്പുരാന്‍റെ പ്രധാന മലയാള കാവ്യങ്ങള്‍. കോട്ടയ്ക്കല്‍ പി.വി. കൃഷ്ണവാര്യരുടെ വീട്ടില്‍ നിന്ന് 1903 ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കണ്ടെടുത്ത ഗ്രന്ഥമാണ് ലീലാതിലകം.

പ്രാചീന കേരള ചരിത്രത്തെക്കുറിച്ച് ഐതിഹ്യങ്ങളെ ആസ്പദമാക്കി 1912 ല്‍ രചിച്ച കേരളം എന്ന മഹാകാവ്യത്തിന്‍റെ 11 സര്‍"ങ്ങള്‍ പൂര്‍ത്തിയാക്കാനേ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കഴിഞ്ഞുള്ളൂ. 1913 ജനുവരി 22ന് തമ്പുരാന്‍ ഓര്‍മ്മയായി.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :