ഒഎന്‍വി അവാര്‍ഡ് വേണ്ടെന്ന് വൈരമുത്തു

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 29 മെയ് 2021 (15:58 IST)

വിവാദങ്ങള്‍ക്ക് പിന്നാലെ ഒഎന്‍വി അവാര്‍ഡ് വേണ്ടെന്നുവച്ച് തമിഴ് കവി വൈരമുത്തു. ഒഎന്‍വി പുരസ്‌കാര കമ്മിറ്റിയെ പ്രതിസന്ധിയിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് പുരസ്‌കാരം നിരസിക്കുകയാണെന്നും വൈരമുത്തു പറഞ്ഞു. ഒഎന്‍വി അവാര്‍ഡ് തിരിച്ചുനല്‍കുന്നു എന്ന ക്യാപ്ഷനോടെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വൈരമുത്തു ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.


ഒഎന്‍വി പുരസ്‌കാര വിവാദത്തില്‍ തമിഴ് കവി വൈരമുത്തുവിനെ പിന്തുണച്ച് മകന്‍ മഥന്‍ കര്‍ക്കി നേരത്തെ രംഗത്തെത്തിയിരുന്നു. അച്ഛനെതിരായ ആരോപണങ്ങളെ മഥന്‍ തള്ളി.

'ഒരു കൂട്ടം ആളുകള്‍ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും നിങ്ങളുടെ അച്ഛനും അമ്മയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍, നിങ്ങളുടെ മാതാപിതാക്കള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ചെയ്താല്‍ ആരെ നിങ്ങള്‍ വിശ്വാസത്തിലെടുക്കും?

ഞാന്‍ എന്റെ പിതാവിനെ വിശ്വാസത്തിലെടുക്കുന്നു

ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ ഭാഗത്താണ് ശരിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കട്ടെ' മഥന്‍ ട്വീറ്റ് ചെയ്തു.

വൈരമുത്തുവിന് പ്രഖ്യാപിച്ച ഒഎന്‍വി പുരസ്‌കാരം വിവാദത്തെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി നേരത്തെ തീരുമാനിച്ചിരുന്നു. ലൈംഗിക പീഡന ആരോപണവിധേയനായ ആള്‍ക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി. നടി പാര്‍വതി തിരുവോത്ത് അടക്കമുള്ള പ്രമുഖര്‍ വൈരമുത്തുവിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :